തൃശ്ശൂര്‍: അമ്മയുടെ ശസ്ത്രക്രിയ അവധി കിട്ടാത്തതിനാല്‍ മാറ്റിവെക്കേണ്ടിവന്നതും ജോലി സമ്മര്‍ദ്ദങ്ങളും ഔദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പില്‍ പങ്കിട്ട സിവില്‍ പൊലീസ് ഓഫീസര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. തൃശ്ശൂര്‍ റൂറല്‍ പൊലീസിന്റെ പരിധിയിലുള്ള വെള്ളികുളങ്ങര സ്റ്റേഷനിലെ സിപിഒ ആണ് കൊരട്ടിയിലെ വീട്ടില്‍ ജീവനൊടുക്കാന്‍ ശ്രമിച്ചത്. എന്നാല്‍ ഫാന്‍ പൊട്ടി മുഖത്തുവീണ് പൊലീസുകാരന്റെ മുഖത്ത് പരിക്കേറ്റു. 17 തുന്നലിട്ടിട്ടുണ്ട്.
സ്റ്റേഷനില്‍ പൊലീസുകാരുടെ കുറവുണ്ടെന്നും ആവശ്യപ്പെട്ടവരുടെ പണം പിരിച്ചുകൊടുക്കാത്തതുകൊണ്ടാണോ വെള്ളികുളങ്ങര സ്റ്റേഷനോടുള്ള വിവേചനമെന്നും സന്ദേശത്തില്‍ ചോദിക്കുന്നുണ്ട്. ഒന്‍പതുപേരുടെ കുറവ് പരിഹരിക്കാന്‍ റൂറല്‍ എസ്പിക്ക് താല്‍പര്യക്കുറവാണെന്നും വാട്‌സാപ്പ് സന്ദേശത്തില്‍ സൂചിപ്പിക്കുന്നുണ്ട്. എസ്പിയുടെ പേരെഴുതിവെച്ച് ജീവനൊടുക്കേണ്ട അവസ്ഥയാണെന്നും സന്ദേശത്തിലുണ്ട്. സന്ദേശം ഗ്രൂപ്പില്‍ നിന്നും ഡിലീറ്റ് ചെയ്യിച്ചിരുന്നു.