പതിനഞ്ച് വയസുകാരി ഓടിച്ച എസ്‍യുവിയ്ക്ക് മുന്നിൽ നിന്നും തലനാരിഴയ്ക്ക് അച്ഛന്‍ രക്ഷപ്പെട്ടപ്പോൾ, വാഹനം സമീപത്തെ മതില്‍ ഇടിച്ച് തകർത്തു. വാഹനം അപകടത്തില്‍പ്പെട്ടതിന് പിന്നാലെ മറാഠിയില്‍ സംസാരിച്ച് കൊണ്ട് ആളുകൾ ഓടിവരുന്നതും വീഡിയോയില്‍ കേൾക്കാം.
മഹാരാഷ്ട്രയിൽ നടന്ന സംഭവത്തിന്‍റെ സിസിടിവി വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ കുട്ടിയെ അറസ്റ്റ് ചെയ്യണമെന്നും നിയമം എല്ലാവര്‍ക്കും ഒരുപോലെയാണെന്നും ചൂണ്ടിക്കാട്ടി നെറ്റിസെന്‍സും സജീവമായി.
’15 വയസ്സുകാരി ഓടിച്ച XUV700 മതിലിൽ ഇടിച്ചു. അവളുടെ അച്ഛൻ അപകടത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു’ എന്ന അടിക്കുറിപ്പോടെ സമൂഹ മാധ്യമമായ എക്സില്‍ പങ്കുവയ്ക്കപ്പെട്ട സിസിടിവി ദൃശ്യങ്ങളാണ് വൈറലായത്. വീഡിയോയില്‍ നിരവധി കാറുകൾ നിരത്തിയിട്ടിരിക്കുന്ന സ്ഥലത്ത് നിന്നും ഒരാൾ മുന്നിലേക്ക് നടന്ന് വരുന്നത് കാണാം. പിന്നാലെ ഒരു വാഹനത്തിന്‍റെ ഹെഡ്‍ലൈറ്റിന്‍റെ വെളിച്ചം കാണാം.
നിമിഷങ്ങൾക്കുള്ളില്‍ വാഹനം മുന്നോട്ട് നീങ്ങുകയും പെട്ടെന്ന് മുന്നിലെ വീടിന്‍റെ മതിലിടിച്ച് തകർത്ത് കൊണ്ട് വാഹനം നില്‍ക്കുന്നതും വീട്ടിന് മുന്നില്‍ സ്ഥാപിച്ചിരുന്ന സിസിടിവിയില്‍ പതിഞ്ഞു. റെഡ്ഡിറ്റില്‍ പങ്കുവയ്ക്കപ്പെട്ട വീഡിയോയാണെന്നും കുറിപ്പില്‍ പറയുന്നു. സ്കൂട്ടറിൽ പോകുന്ന പെൺകുട്ടികൾ ഇതിനകം തന്നെ ഒരു ഭീഷണിയായിരുന്നു, അവർ നാലു ചക്ര വാഹനങ്ങൾ ഓടിക്കുന്നത് സങ്കൽപ്പിക്കുകയെന്നും കുറിപ്പില്‍ പറയുന്നു.