ബ്രിട്ടൻ: യുഎസ് പ്രതിരോധ സെക്രട്ടറിയുമായി പോയ അമേരിക്കൻ സൈനിക വിമാനത്തിന് തകരാറ്. അടിയന്തരമായി നിലത്തിറക്കി. ബുധനാഴ്ചയാണ് അമേരിക്കയുടെ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് സഞ്ചരിച്ചിരുന്ന സൈനിക വിമാനത്തിന് സാങ്കേതിക തകരാറുണ്ടായത്.
വിമാനം അമേരിക്ക ലക്ഷ്യമാക്കി പോവുന്നതിനിടെ വിൻഡ് ഷീൽഡിൽ വിള്ളൽ രൂപപ്പെടുകയായിരുന്നു. ഇതോടെ വിമാനം ബ്രിട്ടനിൽ അടിയന്തരമായി ഇറക്കുകയായിരുന്നു. അപ്രതീക്ഷിതമായി ലാൻഡിംഗ് നടത്തിയതായി പെന്റഗൺ സ്ഥിരീകരിച്ചിട്ടുണ്ട്, പീറ്റ് ഹെഗ്‌സെത്ത് സുരക്ഷിതമാണെന്നും പെൻറഗൺ വിശദമാക്കി. സാങ്കേതിക തകരാറ് അനുഭവപ്പെടുമ്പോഴുള്ള സാധാരണ നടപടി ക്രമങ്ങളുടെ ഭാഗമായാണ് അടിയന്തരമായി നിലത്തിറക്കിയതെന്നാണ് പെൻറഗൺ വിശദമാക്കുന്നത്.