ആലപ്പുഴ: എറണാകുളം പള്ളുരുത്തി സെയ്ന്റ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദത്തിൽ വിമർശവുമായി സിറോ മലബാർ സഭാ മുഖപത്രം. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയെയും ഹിജാബ് അനുവദിക്കണമെന്ന് ആവശ്യപ്പെടുന്നവരെയും ബുധനാഴ്ചത്തെ മുഖപ്രസംഗത്തിൽ രൂക്ഷമായാണു വിമർശിച്ചത്.
‘സ്കൂളുകളിൽ യൂണിഫോം മറയ്ക്കുന്ന വേഷം പാടില്ലെന്നും യൂണിഫോം എല്ലാവർക്കും ഒരുപോലെ ബാധകമാണെന്നും പറഞ്ഞ വിദ്യാഭ്യാസമന്ത്രി, സ്കൂൾ മാനേജ്‌മെന്റ് ഇത്തരം കാര്യങ്ങൾ ഉത്തരവാദിത്വബോധത്തോടെ കൈകാര്യം ചെയ്യണമെന്ന് ബാലൻസ് ചെയ്താണു പ്രതികരിച്ചത്. മറ്റു മതസ്ഥർ നടത്തുന്ന സ്കൂളുകളിൽ നിസ്കാരമുറിയുടെയും ഹിജാബിന്റെയും മറയിൽ നുഴഞ്ഞുകയറാൻ ശ്രമിക്കുന്ന മതമൗലികവാദത്തെ ചെറുക്കുന്നതല്ലേ ഉത്തരവാദിത്വബോധം? ജനാധിപത്യ-മതേതര സമൂഹത്തെ മതശാഠ്യംകൊണ്ടു പൊറുതിമുട്ടിക്കുന്നവരെ നിയന്ത്രിക്കണം. മറ്റു വിദ്യാർഥികളെപ്പോലെ പെരുമാറാൻ പറ്റില്ലെന്ന വാശിയിലാണെങ്കിൽ മാതാപിതാക്കൾ കുട്ടിയെ അവരുടെ താത്പര്യം സംരക്ഷിക്കുന്ന സ്കൂളിലേക്കു മാറ്റണം.
മതവർഗീയത സമൂഹത്തെ ഛിന്നഭിന്നമാക്കുന്ന ഇക്കാലത്ത് കുട്ടികളെയെങ്കിലും വെറുതേ വിട്ടുകൂടേ? ഒന്നോ രണ്ടോ വ്യക്തികളോ മതസംഘടനയോ വിചാരിച്ചാൽ മറ്റെല്ലാവരും പേടിച്ചുപിൻമാറണമെന്നു പറയുന്ന നില, രാഷ്ട്രീയമൗനത്തിന്റെ കൂടി ഫലമാണ്. മതേതരത്വമോ വർഗീയപ്രീണനമോ ഏതെങ്കിലുമൊന്ന് പാർട്ടികൾ ഒഴിവാക്കണം. ജനം തെറ്റിദ്ധരിക്കാതിരിക്കട്ടെ’ -മുഖപ്രസംഗത്തിൽ പറയുന്നു.
കഴിഞ്ഞവർഷം എറണാകുളം ജില്ലയിലെ തന്നെ ഒരു സ്കൂളിൽ നമസ്കാരമുറി വേണമെന്ന ആവശ്യം ഉയർന്നതിനെയും മുഖപ്രസംഗത്തിൽ പരാമർശിക്കുന്നുണ്ട്. അവരെ നിലയ്ക്കുനിർത്താൻ മുസ്‌ലിം സമുദായത്തിലെ തന്നെ വിവേകികൾ മുന്നിലുണ്ടായിരുന്നുവെന്നും ചൂണ്ടിക്കാട്ടുന്നു.
എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട് മന്ത്രി ശിവൻകുട്ടി നടത്തിയ പ്രസ്താവനയും കത്തോലിക്കസഭകളെ ചൊടിപ്പിച്ചിരുന്നു. എന്നാൽ, കടുംപിടിത്തത്തിൽനിന്ന് അദ്ദേഹം പിന്നീട് പുറകോട്ടുപോയി. ചങ്ങനാശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ തോമസ് തറയിലുമായി നടത്തിയ ചർച്ചയിൽ മഞ്ഞുരുകുകയും ചെയ്തു. തുടർന്ന്, ഈ വിഷയത്തിൽ മുഖ്യമന്ത്രി കൂടി പങ്കെടുത്ത ചർച്ച നടന്നു. സർക്കാർ നടപടിയിൽ സഭകൾ തൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. അതിനു പിന്നാലെയാണ് ഹിജാബ് വിവാദത്തിലെ മന്ത്രിയുടെ പ്രതികരണം.
