രാത്രിയിൽ ആവശ്യക്കാർ എത്തും; കഞ്ചാവിനുള്ള ഒസിബി പേപ്പർ വരെ റെഡി; എംഡിഎംഎയുമായി അഭിഭാഷകയും മകനും പിടിയിൽ

0
23

അമ്പലപ്പുഴ: വാഹന പരിശോധനയ്‌ക്കിടെ അഭിഭാഷകയും മകനും എംഡിഎംഎയുമായി പൊലീസ് പിടിയിൽ. അമ്പലപ്പുഴ കരൂർ കൗസല്യനിവാസിൽ സത്യമോൾ (46), മകൻ സൗരവ് ജിത്ത് (18) എന്നിവരെയാണ് ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും പുന്നപ്ര പൊലീസും ചേർന്ന് പിടികൂടിയത്.

ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായായിരുന്നു പരിശോധന. ഇവർ സഞ്ചരിച്ച കെഎൽ 2 ബിഎൽ 3346 എന്ന കാറിൽനിന്ന് മൂന്ന്‌ ഗ്രാം എംഡിഎംഎ കണ്ടെടുത്തു. അമ്പലപ്പുഴ പൊലീസ് ഇരുവരുടെയും വീട്ടിൽ നടത്തിയ പരിശോധനയിൽ 2.5 ഗ്രാം എംഡിഎംഎയും, 40 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.

​കരുനാഗപ്പള്ളി കുടുംബ കോടതിയിൽ അഭിഭാഷകയായ സത്യമോളുടെ അഡ്വക്കേറ്റ് സ്‌റ്റിക്കർ പതിച്ച കാറിൽനിന്നാണ് ലഹരിമരുന്ന്‌ കണ്ടെത്തിയത്. ജില്ലാ പൊലീസ് മേധാവി എം പി മോഹനചന്ദ്രന് ലഭിച്ച രഹസ്യവിവരത്തിൽ ദേശീയപാതയിൽ പുന്നപ്ര പറവൂരിൽ നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്‌.

വീട്ടിൽ ലഹരി ഉപയോഗിക്കാൻ ആവശ്യമായ സൗകര്യങ്ങളും ഒരുക്കിയിരുന്നു. കഞ്ചാവ് വലിക്കാൻ ഉപയോഗിക്കുന്ന ഒസിബി പേപ്പറും പ്ലാസ്‌റ്റിക് കവറുകളും വീട്ടിൽനിന്ന് കണ്ടെടുത്തു. രാത്രികാലങ്ങളിൽ ഇവരുടെ വീട്ടിൽ നിരവധി യുവാക്കൾ വന്നുപോയിരുന്നതായി പൊലീസ് പറഞ്ഞു. എറണാകുളത്തുനിന്ന്‌ ഗ്രാമിന് 1000 രൂപക്ക് വാങ്ങുന്ന എംഡിഎംഎ 4000 മുതൽ 5000 രൂപ വരെ ഈടാക്കിയായിരുന്നു വിൽപ്പന. നർകോട്ടിക് സെൽ ഡിവൈഎസ്‌പി ബി പങ്കജാക്ഷന്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡ്, അമ്പലപ്പുഴ ഡിവൈഎസ്‌പി കെ എൻ രാജേഷ്, പുന്നപ്ര എസ്ഐ എസ് അരുൺ എന്നിവരുൾപ്പെട്ട സംഘമാണ് ഇവരെ പിടികൂടിയത്.