പിണറായി വിജയന്റെ മകൻ വിവേക് കിരണിന് ‘സമൻസ് അയച്ചു’, സ്ഥിരീകരിച്ച് ഇ.ഡി; എസ്എൻസി ലാവ്‌ലിൻ കേസുമായി ബന്ധപ്പെട്ടാണ് വിളിപ്പിച്ചത്

0
24

തിരുവനന്തപുരം: പിണറായി വിജയന്റെ മകൻ വിവേക് കിരണിന് 2023 ൽ സമൻസ് അയച്ചിരുന്നുവെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സ്ഥിരീകരിച്ചു. പിണറായി വിജയൻ വൈദ്യുതിമന്ത്രിയായിരിക്കെ ഉൾപ്പെട്ട എസ്എൻസി ലാവ്‌ലിൻ കേസുമായി ബന്ധപ്പെട്ടാണ് മകനെ വിളിപ്പിച്ചതെന്നും വ്യക്തമായി.

എൻഫോഴ്സ്മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട് (ഇസിഐആർ) നമ്പർ കെസിസെഡ്ഒ–02–2020 പ്രകാരം റജിസ്റ്റർ ചെയ്ത ലാവ്‌ലിൻ കേസിലാണ് വിവേക് 2023 ഫെബ്രുവരി 14നു ഹാജരാകണമെന്ന് ഇ.ഡി അസിസ്റ്റന്റ് ഡയറക്ടർ പി.കെ.ആനന്ദ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്കു സമൻസ് അയച്ചത്.

എന്നാൽ, ഇ.ഡിയുടെ വെബ്സൈറ്റിൽ ഇപ്പോഴും വിവേകിന്റെ പേരിലുള്ള സമൻസിനുമേൽ രണ്ടരവർഷത്തിനിടെ എന്തു നടപടിയുണ്ടായെന്നതിനു വിശദീകരണമില്ല. ലാവ്‍ലിൻ കേസുമായി വിവേക് കിരണിനുള്ള ബന്ധമെന്താണെന്നും വ്യക്തമാക്കിയിട്ടില്ല.

സ്വർണക്കടത്ത്, ലൈഫ് മിഷൻ കേസുകളിലെ ചോദ്യംചെയ്യലിനിടയിൽ പ്രതി സ്വപ്ന സുരേഷ് നൽകിയ രഹസ്യ മൊഴിയുടെയും ക്രൈം മാസിക എഡിറ്റർ ടി.പി. നന്ദകുമാർ നൽകിയ പരാതിയുടെയും അടിസ്ഥാനത്തിലായിരുന്നു സമൻസ് എന്നാണ് ഇ.ഡി വൃത്തങ്ങൾ ഇപ്പോൾ പറയുന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിനു സ്വർണക്കടത്ത്, ഡോളർകടത്ത്, ലൈഫ് മിഷൻ, ലാവ്‍ലിൻ കേസുകളിൽ പങ്കുണ്ടെന്നും എല്ലാം മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും വിവിധ കേസുകളുമായി ബന്ധപ്പെട്ടുള്ള രഹസ്യമൊഴികളിൽ സ്വപ്ന ആരോപിച്ചിരുന്നു.1996ൽ സംസ്ഥാന സർക്കാരിനു 374 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയ എസ്എൻസി ലാവ്‌ലിൻ കരാർ സംബന്ധിച്ച നിർണായക രേഖകൾ ശിവശങ്കർ 2013 ൽ കെഎസ്ഇബി ചെയർമാനായ ഘട്ടത്തിൽ നശിപ്പിച്ചതായി അറിയാമെന്നും സ്വപ്ന മൊഴി നൽകിയിരുന്നു.

ലാവ്‌ലിൻ കേസുമായി ബന്ധപ്പെട്ട് 2006 ൽ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസിനു (ഡിആർഐ) ക്രൈം മാസിക എഡിറ്റർ ടി.പി.നന്ദകുമാർ നൽകിയ പരാതിയിൽ സമാന ആരോപണങ്ങളുണ്ടായിരുന്നെങ്കിലും കേസ് റജിസ്റ്റർ ചെയ്തിരുന്നില്ല. അന്വേഷണം ആവശ്യപ്പെട്ട് നന്ദകുമാർ കേന്ദ്ര ആഭ്യന്തര, ധന മന്ത്രാലയങ്ങൾക്കു വീണ്ടും കത്തയച്ചു. നന്ദകുമാറിന്റെ ആരോപണങ്ങൾ സ്വപ്ന സുരേഷും ആവർത്തിച്ചതോടെ ലാവ്‌ലിൻ കേസിൽ ഇ.ഡി എൻഫോഴ്സ്മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട് റജിസ്റ്റർ ചെയ്ത് നന്ദകുമാറിന്റെ മൊഴിയെടുത്തു. 

ഈ മൊഴികളുടെ കൂടി അടിസ്ഥാനത്തിലാണു ലൈഫ് മിഷൻ കേസിൽ ശിവശങ്കറിനെ ഇ.ഡി കൊച്ചി ഓഫിസിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്ത്. വിവേക് കിരണിനോടും ഇതേ ഓഫിസിൽ ഹാജരാകാൻ നിർദേശം നൽകി. അന്നു രാത്രി ശിവശങ്കർ അറസ്റ്റിലാകുകയും ചെയ്തു. പ്രതിയാക്കണോ സാക്ഷിയാക്കണോയെന്ന് ചോദ്യംചെയ്യലിനൊടുവിൽ തീരുമാനിക്കുന്നതാണ് ഇ.ഡിയുടെ രീതി. സാന്നിധ്യം അനിവാര്യമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ വ്യക്തമായി രേഖപ്പെടുത്തിയ സമൻസിലാണു വിവേക് ഹാജരാകാതിരുന്നത്.