ഗസ്സയിൽ ബന്ദി കൈമാറ്റം ഇന്ത്യൻ സമയം രാവിലെ 10.30ന്; യുദ്ധം അവസാനിച്ചെന്ന് ആവർത്തിച്ച് ട്രംപ്

0
50

തെൽ അവിവ്: രണ്ടു വർഷത്തിലേറെയായി ഹമാസ്​ പിടിയിലുള്ള 20 ബന്ദികളെ ഇന്ന്​ വിട്ടയക്കും. യുഎസ്​ പ്രസിഡന്‍റ്​ ഡൊണാൾഡ്​ ട്രംപിന്‍റെ സാന്നിധ്യത്തിൽ ബന്ദികളെ സ്വീകരിക്കാൻ ഒരുങ്ങുകയാണ് ഇസ്രായേൽ. ഫലസ്തീൻ തടവുകാരുടെ മോചനവും ഗസ്സയിലേക്ക്​ കൂടുതൽ സഹായവിതരണവും ഇന്നുണ്ടാകും.

അതേസമയം ഈജിപ്തിലെ കെയ്റോയിൽ ഇന്ന്​ നടക്കുന്ന സമാധാന ഉച്ചകോടിയിൽ ഇന്ത്യ ഉൾപ്പടെ നിരവധി രാജ്യങ്ങൾ സംബന്ധിക്കും. ഇസ്രായേലിന്‍റെ പിന്തുണയുള്ള ഗസ്സയിലെ സായുധക്രിമിനൽ സംഘം നടത്തിയ വെടിവെപ്പിൽ മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു.

ഇരുപത്​ ബന്ദികളുടെ മോചനം പ്രദേശിക സമയം കാലത്ത്​ എട്ടിനുണ്ടാകും എന്നാണ്​ ബന്​ധുക്കൾക്ക്​ ലഭിച്ച വിവരം. തുടർന്ന്​ കൊല്ലപ്പെട്ട ബന്ദികളുടെ മൃതദേഹങ്ങളും ഹമാസ്​ റെഡ്ക്രോസ്​ സംഘം മുഖേന ഇ​സ്രയേലിന്​ കൈമാറും. ബന്ദിമോചന വേളയിൽ പ്രദർശനപരമായ ചടങ്ങുകളൊന്നും പാടില്ലെന്നാണ്​ ധാരണ. രാവിലെ യുഎസ്​ പ്രസിഡന്‍റ്​ ഡൊണൾഡ്​ ട്രംപ്​ ഇസ്രായേലിൽ എത്തും. നാലുമണിക്കൂർ ഇസ്രായേലിൽ ചെലവഴിക്കുന്ന അദ്ദേഹം ഇസ്രായേൽ പാർല​മെന്‍റിൽ പ്രസംഗിക്കും. തിരിച്ചെത്തുന്ന ബന്ദികളുമായുള്ള കൂടിക്കാഴ്ചക്കുശേഷം ഉച്ചയോടെ ഈജിപ്തിലെ സമാധാന ഉച്ചകോടിയിൽ പ​ങ്കെടുക്കാൻ പോകും.