‘മുസ്‌ലിം ജനസംഖ്യ വർധനയ്ക്ക് കാരണം പാകിസ്താൻ,ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള കുടിയേറ്റം’; വിവാദ പരാമർശവുമായി അമിത് ഷാ

0
69

ന്യൂഡൽഹി: മുസ്‌ലിം ജനസംഖ്യ വർധിക്കാൻ കാരണം നുഴഞ്ഞുകയറ്റമാണെന്ന വിവാദ പരാമർശവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാജ്യത്ത് മുസ്‌ലിം ജനസംഖ്യ വർധിക്കാൻ കാരണം പാകിസ്താനിൽനിന്നും ബംഗ്ലാദേശിൽനിന്നമുള്ള നുഴഞ്ഞുകയറ്റമാണെന്നാണ് ഡൽഹിയിലെ ഒരു പൊതുപരിപാടിയിൽ സംസാരിക്കവെ അമിത് ഷാ പറഞ്ഞത്.

മുസ്‌ലിം ജനസംഖ്യ 24.6 ശതമാനം വർധിച്ചു. പക്ഷെ ഹിന്ദു ജനസംഖ്യ 4.5 ശതമാനം കുറഞ്ഞു. പ്രത്യുൽപാദന നിരക്ക് അല്ല മറിച്ച് നുഴഞ്ഞുകയറ്റമാണ് ഇതിന് കാരണം. ഇന്ത്യയുടെ ഇരുവശത്തും പാകിസ്താൻ സൃഷ്ടിക്കപ്പെട്ടു. ആ വശങ്ങളിൽ നിന്ന് നുഴഞ്ഞുകയറ്റം സംഭവിച്ചു. അതാണ് ജനസംഖ്യയിലെ ഇത്രയും വലിയ മാറ്റത്തിന് കാരണമായതെന്നായിരുന്നു ഷായുടെ പ്രസ്താവന.

വോട്ടർ പട്ടികയിൽ നുഴഞ്ഞുകയറ്റക്കാരെ ഉൾപ്പെടുത്തുന്നത് ഭരണഘടനയുടെ ആത്മാവിനെ മലിനമാക്കും. വോട്ടവകാശം രാജ്യത്തെ പൗരന്മാർക്ക് മാത്രമേ ലഭ്യമാക്കൂമെന്നും അമിത് ഷാ പറഞ്ഞു.

പ്രസംഗത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷന്റെ തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തെ ഷാ ന്യായീകരിച്ചു. നുഴഞ്ഞുകയറ്റത്തെയും തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തെയും രാഷ്ട്രീയമായി കാണരുതെന്നാണ് ഷാ പറഞ്ഞത്. വോട്ടർ പട്ടിക ശരിയാക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഭരണഘടനാപരമായ ഉത്തരവാദിത്തമാണ്. എന്നാൽ തീവ്ര വോട്ടർപട്ടിക പരിഷ്‌കരണത്തിനെതിരെ കോൺഗ്രസ് നിഷേധാത്മക നിലപാടും രീതികളുമാണ് സ്വീകരിക്കുന്നത്. എന്തെങ്കിലും പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ അവർ കോടതിയെ സമീപിക്കുകയാണ് വേണ്ടതെന്നും ഷാ പറഞ്ഞു.