റിയാദ്: സഊദി ശാസ്ത്രജ്ഞന് രസതന്ത്രത്തിനുള്ള നൊബേൽ സമ്മാന നേട്ടം. കിങ് അബ്ദുൽ അസീസ് സിറ്റി ഫോർ സയൻസ് ആൻഡ് ടെക്നോളജി (കെഎസിഎസ്ടി) പ്രസിഡന്റിന്റെ ഉപദേഷ്ടാവും, യുഎസ്, ബെർക്ക്‌ലിയിലെ കലിഫോർണിയ സർവകലാശാലയിലെ രസതന്ത്ര പ്രഫസറുമായ, സൗദി പൗരൻ പ്രഫസർ ഒമർ മൗൺസ് യാഗിക്കാണ് 2025ലെ രസതന്ത്രത്തിലെ കണ്ടുപിടിത്തങ്ങൾക്ക് മറ്റ് രണ്ടുപേർക്കൊപ്പം ലഭിച്ചത്.
ജപ്പാനിലെ ക്യോട്ടോ സർവകലാശാലയിലെ പ്രഫസർ സുസുമു കിറ്റഗാവ, ഓസ്‌ട്രേലിയയിലെ മെൽബൺ സർവകലാശാലയിലെ പ്രഫസർ റിച്ചാർഡ് റോബ്‌സൺ എന്നിവർക്കൊപ്പമുള്ള ലോഹ ജൈവ ചട്ടക്കൂടുകൾക്കായുള്ള ഗവേഷണ കണ്ടുപിടിത്തമാണ് നൊബേൽ നേട്ടം കൈവരിച്ചത്.
വാതകങ്ങളും മറ്റ് രാസവസ്തുക്കളും അവയിലൂടെ ഒഴുകാൻ അനുവദിക്കുന്ന വലിയ ഇടങ്ങളുള്ള തന്മാത്രാ ഘടനകൾ സൃഷ്ടിക്കുന്നതിനാണ് മൂന്ന് ശാസ്ത്രജ്ഞൻമാരും പ്രവർത്തിച്ചത്. മരുഭൂമിയിലെ വായുവിൽ നിന്ന് വെള്ളം വേർതിരിച്ചെടുക്കുന്നതിനും കാർബൺ ഡൈ ഓക്സൈഡ് പിടിച്ചെടുക്കുന്നതിനും വിഷവാതകങ്ങൾ സംഭരിക്കുന്നതിനും ഈ ഘടനകൾ ഉപയോഗിക്കാം എന്നാണ് കണ്ടുപിടിച്ചത്. ലോഹ-ഓർഗാനിക് ചട്ടക്കൂടുകൾ വികസിപ്പിച്ചുകൊണ്ട്, നമ്മൾ നേരിടുന്ന ചില വെല്ലുവിളികൾ പരിഹരിക്കുന്നതിന് സംഭാവന നൽകുന്നതിന് രസതന്ത്രജ്ഞർക്ക് പുതിയ അവസരങ്ങൾ സമ്മാന ജേതാക്കൾ നൽകിയിട്ടുണ്ട് എന്ന് നോബൽ അക്കാദമി പ്രസ്താവനയിൽ പറഞ്ഞു.
പലസ്തീൻ മാതാപിതാക്കൾക്ക് ജോർദാനിൽ ജനിച്ച യാഗിക്ക് വിവിധ മേഖലകളിലെ പ്രമുഖ വിദഗ്ധരെ പൌരത്വം നൽകി സ്വീകരിക്കാനുള്ള രാജകീയ അംഗീകാരത്തെത്തുടർന്ന് 2021 ൽ സൗദി പൗരത്വം ലഭിച്ചു. രസതന്ത്രത്തിലും ശാസ്ത്രീയ നവീകരണത്തിലും ഏറ്റവും പ്രമുഖനായ സൗദി, അറബ് മേഖലയിലെ പ്രതിഭാശാലിയായ ശാസ്ത്രജ്ഞരിൽ ഒരാളായി അദ്ദേഹത്തെ കണക്കാക്കപ്പെടുന്നു. കിങ് അബ്ദുൽ അസീസ് സിറ്റി ഫോർ സയൻസ് ആൻഡ് ടെക്നോളജി (കെഎസിഎസ്ടി) പ്രസിഡന്റിന്റെ ഉപദേഷ്ടാവും, ശാസ്ത്ര ഗവേഷണ മേഖലയെ പ്രതിനിധീകരിക്കുന്ന ഗവേഷണ, വികസന, ഇന്നൊവേഷൻ അതോറിറ്റി (ആർഡിഐഎ) ഡയറക്ടർ ബോർഡ് അംഗവും, 2015ൽ കിങ് ഫൈസൽ പ്രൈസ് ഫോർ സയൻസ് ജേതാവുമാണ് അദ്ദേഹം.
2024ൽ അതിന്റെ രണ്ടാം സെഷനിൽ പ്രകൃതി ശാസ്ത്ര വിഭാഗത്തിനുള്ള അറബ് ജീനിയസസ് അവാർഡും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ബെർക്ക്‌ലിയിലെ കലിഫോർണിയ സർവകലാശാലയിൽ രസതന്ത്രത്തിൽ ജെയിംസ് ഡബ്ല്യു. വെൻജെന്റ് ചെയറും, ഉർബാന-ചാംപെയ്‌നിലെ ഇലിനോയി സർവകലാശാലയിൽ നിന്ന് രസതന്ത്രത്തിൽ പിഎച്ച്ഡിയും യാഗി നേടിയിട്ടുണ്ട്. 300ലധികം ശാസ്ത്രീയ പ്രബന്ധങ്ങളും 60,000-ത്തിലധികം തവണ ഉദ്ധരിക്കപ്പെട്ട 200-ഓളം ശാസ്ത്രീയ ലേഖനങ്ങളും അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1998-2008 വർഷങ്ങളിൽ ഏറ്റവും കൂടുതൽ ഉദ്ധരിക്കപ്പെടുന്ന രണ്ടാമത്തെ രസതന്ത്രജ്ഞനായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.