ഗസ്സ സിറ്റി:ഹമാസിന്റെ ഒക്ടോബർ ഏഴ് മിന്നലാക്രമണത്തിനും ഇസ്രായേലിന്റെ ഗസ്സയിലെ വംശഹത്യക്കും രണ്ടു വർഷം പിന്നിടുമ്പോൾ അതിജീവിച്ച്നിൽക്കുന്നത് ഫലസ്തീൻ എന്ന ആശയമാണ്. യു.എസ് സർവ പിന്തുണയും നൽകി ഒപ്പം നിന്നിട്ടും ഇസ്രായേലിന് യുദ്ധലക്ഷ്യങ്ങളൊന്നും നേടാനായില്ല. ആഗോള തലത്തിൽ എല്ലാ രംഗത്തും ഇസ്രായേൽ ഒറ്റപ്പെടുകയും ചെയ്തു..
ഫലസ്തീനില്ലാത്ത പശ്ചിമേഷ്യയുടെ ഭൂപടം ഉയർത്തിക്കാട്ടിയായിരുന്നു 2023 ഒക്ടോബർ 7 ആക്രമണത്തിന് മൂന്നാഴ്ച മുമ്പ് ഇസ്രായൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു യുഎൻ ജനറൽ അസംബ്ലിയിൽ നടത്തിയ പ്രസംഗം. സൗദിയുമായി ഇസ്രായേൽ ബന്ധം സ്ഥാപിക്കാൻ പോവുകയാണെന്നും നെതന്യാഹു അന്ന് പ്രഖ്യാപിച്ചു.
ഫലസ്തീൻ രാഷ്ട്രത്തെ കുറിച്ച് ആരും മിണ്ടാത്ത, അറബ് രാജ്യങ്ങളെല്ലാം ഇസ്രായേലുമായി കൈകോർക്കുന്ന ഒരു പശ്ചിമേഷ്യ.. ഇതായിരുന്നു നെതന്യാഹു സ്വപ്നം കണ്ട ന്യൂ മിഡിൽ ഈസ്റ്റ്. ചില രാജ്യങ്ങളെയെല്ലാം ഈ താത്പര്യത്തിനൊപ്പം നിർത്തി സൗദിയുമായി കൂടി കരാറിലൊപ്പിട്ടാൽ ഫലസ്തീൻ പ്രശ്നംഎന്നെന്നേക്കുമായി അസ്തമിക്കുമെന്ന് ഇസ്രായേൽ കണക്കുകൂട്ടി. ആ സന്ദർഭത്തിലായിരുന്നു ഒക്ടോബർ ഏഴിന് ഹമാസിൻ്റെ ആക്രമണം.
ഇതിനെ മറികടക്കാനായി നെതന്യാഹു നടത്തിയ വംശഹത്യയിൽ 67000 ലധികം മനുഷ്യരെ കൊന്നൊടുക്കി. ഇതിൽ 20,000 കുഞ്ഞുങ്ങൾ. ഇൻകുബേറ്ററിൽ കഴിഞ്ഞ കുഞ്ഞുങ്ങളെ പോലും കൊന്നു എന്നല്ലാതെ ഇതുവരെ ഇസ്രായേലിൻ്റെ യുദ്ധലക്ഷ്യങ്ങളൊന്നും നേടാനായില്ല.
ഹമാസിനെ നശിപ്പിക്കുക എന്നതായിരുന്നു ഒരു യുദ്ധലക്ഷ്യം. അതും നടന്നില്ല. ഇപ്പോഴും ഇസ്രായേൽ ഹമാസ് നേതാവിനെ മറു പക്ഷത്തിരുത്തി പരോക്ഷ ചർച്ച നടത്തുകയാണ്. ബന്ദികൾ എവിടെയെന്ന് കണ്ടെത്താൻ പോലും രണ്ടുവർഷമായിട്ട് ഇസ്രായേലിന് കഴിഞ്ഞില്ല. വെടി നിർത്തിയ ഘട്ടത്തിലെല്ലാം ഹമാസ് ബന്ദികളെ കൈമാറിയ ദൃശ്യങ്ങൾ കണ്ട് ലോകം അമ്പരന്നു. വംശഹത്യക്ക് നടുവിലും ഗസ്സ അഭിമാനത്തോടെ തന്നെ നിൽക്കുന്നു. ഇസ്രായേലിന്റെ പശ്ചിമേഷ്യൻ പദ്ധതി വിജയിച്ചില്ല എന്നു മാത്രമല്ല, ലോകമാകെ ഇസ്രായേലിന് എതിരായിരിക്കുന്നു.
യൂറോപ്പിലും അമേരിക്കയിലും എല്ലാ വൻകരയിലും ജനം ഫലസ്തീൻ പതാക വീശി ഒപ്പം നിൽക്കുന്നു.15 ലധികം രാജ്യങ്ങൾ ഫലസ്തീനെ സ്വതന്ത്രരാജ്യമായി പ്രഖ്യാപിച്ചു. ഭൂരിഭാഗവും യൂറോപ്പിൽ നിന്നായിരുന്നു. ഇസ്രായേലിന് ഇനി അൽപായുസ്സേയുള്ളൂവെന്ന് സയണിസ്റ്റ് ചിന്തകർ തന്നെ പറയുന്നു. ചിത്രത്തിൽ നിന്ന് എന്നെന്നേക്കുമായി മാഞ്ഞുപോയെന്നു ഇസ്രായേൽ വിചാരിച്ച ഫലസ്തീൻ പ്രശ്നമാണ് ഇന്ന് ലോകരാഷ്ട്രീയത്തിലെ ഏറ്റവും കരുത്തുറ്റ വിഷയം. ഒക്ടോബർ ഏഴ് ആക്രമണവും രണ്ടു വർഷത്തെ യുദ്ധത്തിലെ ഗസ്സക്കാരുടെ ത്യാഗവും എന്തുനേടി എന്നതിന് ഇതിനേക്കാൾ വലിയ ഉത്തരമില്ല.