നെതന്യാഹുവിനെ വിറപ്പിച്ച് തെല്‍ അവീവില്‍ കൂറ്റന്‍ റാലി; യുദ്ധം ഉടന്‍ നിര്‍ത്തണം; ബന്ദി മോചനത്തിനുള്ള ഈ കരാറും അട്ടിമറിച്ചേക്കുമെന്ന് പ്രതിഷേധക്കാര്‍

0
98

ബന്ദിനമോചനം സാധ്യമാക്കാന്‍ ഗസയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള കരാറില്‍ ഇസ്രായേല്‍ സര്‍ക്കാര്‍ ഉടന്‍ ഒപ്പിടണമെന്നാവശ്യപ്പെട്ട് ഇന്നലെ രാത്രി തെല്‍ അവീവില്‍ കൂറ്റന്‍ പ്രതിഷേധറാലി അരങ്ങേറി. ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നിലപാടില്‍ പ്രതിഷേധക്കാര്‍ ആശങ്ക പ്രകടിപ്പിച്ചു. മുന്‍പ് ചെയ്തതുപോലെ നെതന്യാഹു ഈ കരാറും അട്ടിമറിക്കുമോ എന്ന ഭയം അവര്‍ പങ്കുവെച്ചു.

‘തട്ടിക്കൊണ്ടുപോയവരെ മോചിപ്പിക്കാനും യുദ്ധം അവസാനിപ്പിക്കാനും ഞങ്ങള്‍ അതിയായി ആഗ്രഹിക്കുന്നു. നെതന്യാഹുവില്‍ ഞങ്ങള്‍ക്ക് ഒട്ടും വിശ്വാസമില്ല’ -പ്രതിഷേധ റാലിയില്‍ പങ്കെടുത്ത ഗില്‍ ഷെല്ലി പറഞ്ഞു. ഇപ്പോള്‍ വിശ്വാസം മുഴുവന്‍ തങ്ങള്‍ ട്രംപില്‍ അര്‍പ്പിക്കുന്നവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജയിലില്‍ പോകാതിരിക്കാനും പ്രധാനമന്ത്രി സ്ഥാനത്ത് തുടരാനും വേണ്ടി മാത്രമാണ് നെതന്യാഹു യുദ്ധം തുടരാന്‍ ആഗ്രഹിക്കുന്നതെന്ന് ട്രംപ് ഇപ്പോള്‍ മനസ്സിലാക്കുന്നുണ്ടാകുമെന്ന് താന്‍ പ്രതീക്ഷിക്കുന്നതായും ഷെല്ലി പറഞ്ഞു.

അതിനിടെ, ഗസ വംശഹത്യ അവസാനിപ്പിക്കാന്‍ ട്രംപ് മുന്നോട്ടുവെച്ച 20 ഇന യുദ്ധവിരാമ കരാറിനോടുള്ള ഹമാസിന്റെ തന്ത്രപരമായ പ്രതികരണം നെതന്യാഹുവിനേറ്റ തിരിച്ചടിയായി. ബന്ദികളെ വിട്ടയക്കാമെന്ന് പ്രഖ്യാപിച്ചെങ്കിലും അതില്‍ വ്യക്തത വരുത്താതെയും നിരായുധീകരണമെന്ന കരാര്‍ വ്യവസ്ഥയോട് പ്രതികരിക്കാതെയും ‘വിശദാംശങ്ങളില്‍ കൂടുതല്‍ ചര്‍ച്ച വേണ’മെന്ന നിലപാടാണ് ഹമാസ് സ്വീകരിച്ചത്. ഹമാസിന്റെ ഈ പ്രതികരണത്തോട് ട്രംപ് അനുകൂലമായി പ്രതികരിച്ചതോടെയാണ് നെതന്യാഹു പെട്ടത്.

ചുരുക്കത്തില്‍, ആദ്യം അറബ് രാഷ്ട്ര നേതാക്കള്‍ക്ക് മുന്നില്‍ വെച്ച് ട്രംപ് അംഗീകാരം നേടിയ കരാറിനെ സ്വന്തം നിലക്ക് തിരുത്തിയ നെതന്യാഹുവിനോട് അതേനാണയത്തില്‍ ഹമാസ് തിരിച്ചടിച്ചിരിക്കുന്നു. അവസാന വാക്ക് തന്റേതാകണമെന്ന നെതന്യാഹുവിന്റെ വാശിയാണ് ഇവിടെ പൊളിഞ്ഞത്.

ഹമാസ് അംഗീകരിച്ചുവെങ്കിലും തത്ത്വത്തില്‍ അവര്‍ കരാര്‍ നിരസിച്ചിരിക്കുകയാണെന്നാണ് യു.എസിലെ റിപ്പബ്ലിക്കന്‍ സെനറ്ററും നെതന്യാഹുവിന്റെ ഉറ്റ ചങ്ങാതിയുമായ ലിന്‍ഡ്‌സേ ഗ്രഹാം എക്‌സില്‍ കുറിച്ചത്. ”നിരായുധീകരണമില്ല. ഗസ്സയെ ഫലസ്തീന്‍ നിയന്ത്രണത്തില്‍ നിലനിര്‍ത്തുക, ബന്ദി മോചനത്തെ ചര്‍ച്ചകളുമായും മറ്റു പ്രശ്‌നങ്ങളുമായും കൂട്ടിക്കെട്ടുക. ‘സ്വീകരിക്കുക അല്ലെങ്കില്‍ നശിക്കുക’ എന്ന പ്രസിഡന്റ് ട്രംപിന്റെ നിര്‍ദേശത്തോടുള്ള ഹമാസിന്റെ നിരാസമാണിത്.” ഹമാസിന്റെ പ്രസ്താവനയെ യൂറോപ്യന്‍, അറബ് രാഷ്ട്രങ്ങളും സ്വാഗതം ചെയ്തതും നെതന്യാഹുവിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.