മുഖ്യമന്ത്രി പിണറായി വിജയൻ ഗൾഫ് പര്യടനത്തിന്; ഈ മാസം സഊദിയിലും ബഹ്‌റൈനിലും സന്ദർശനം

0
179
  • മൂന്ന് ദിനം സഊദിയിൽ
  • ഒരു ദിനം ബഹ്‌റൈനിൽ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഗള്‍ഫ് സന്ദര്‍ശനത്തിന്. സന്ദർശനത്തിന്റെ ഭാഗമായി കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഇത്തവണ സഊദി അറേബ്യയിലും ബഹ്‌റൈനിലും എത്തും. ഈ മാസം 16 നു ബഹ്‌റൈനിലും 17 മുതൽ 19 വരെയുമായി സഊദിയിലും പര്യടനം നടത്തും. മൂന്ന് ദിവസം സഊദി സന്ദർശനം നടത്തുന്ന മുഖ്യമന്ത്രി സഊദിയുടെ വിവിധ ഭാഗങ്ങളിൽ പരിപാടികളിൽ പങ്കെടുക്കും. ഏകദിന സന്ദക്ഷണത്തിനായി ബഹറിനിൽ എത്തുന്ന മുഖ്യമന്ത്രി അവിടെ നിന്നായിരിക്കും സഊദിയിലെത്തുക.

ഒക്ടോബര്‍ 16-ന് ബഹ്‌റൈനിലെത്തുന്ന മുഖ്യമന്ത്രി ഏകദിന സന്ദര്‍ശനത്തിനു ശേഷം ദമാമിലേക്കു തിരിക്കും. 17 ന് ദമാമിലും 18 ന് ജിദ്ദയിലും 19 ന് റിയാദിലുമാണ് പരിപാടികൾ. മലയാള ഭാഷാ പഠനത്തിനും പ്രചാരണത്തിനുമായി കേരള സർക്കാർ ആഗോള തലത്തിൽ ഒരുക്കിയിട്ടുള്ള വേദിയായ മലയാളം മിഷന്റെ ആഭിമുഖ്യത്തിൽ റിയാദ്, ദമാം, ജിദ്ദ മേഖലകളിൽ നടക്കുന്ന ‘മലയാളോത്സവം’ പൊതുപരിപാടിയിൽ മുഖ്യമന്ത്രി സംബന്ധിക്കും. മുഖ്യമന്ത്രിക്കു പുറമേ സാംസ്‌കാരിക വകുപ്പു മന്ത്രി സജി ചെറിയാന്‍, നോര്‍ക്ക ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ എന്നിവരും പരിപാടിയില്‍ പങ്കെടുക്കും.

സഊദി അറേബ്യ

ഏറെ കാലങ്ങൾക്ക് ശേഷം എത്തുന്ന മുഖ്യമന്ത്രിയെ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് പ്രവാസി സമൂഹം.  2023 ഒക്ടോബറിൽ സഊദി അറേബ്യയിൽ വെച്ച് ലോക കേരളസഭയുടെ പ്രാദേശിക സമ്മേളനം നടത്താൻ നിശ്ചയിച്ചിരുന്നെങ്കിലും കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിക്കാത്തതിനെ തുടർന്ന് മുഖ്യമന്ത്രിയുടെ യാത്ര റദ്ദാക്കിയിരുന്നു. സഊദിയിലെ പ്രധാന മൂന്ന് നഗരങ്ങളിലും നടക്കുന്ന പരിപാടിയുടെ വിജയത്തിനായി പൊതു സമൂഹത്തെ ഉള്‍പ്പെടുത്തി വിപുലമായ സംഘാടക സമിതി രൂപീകരിക്കാനുള്ള ഒരുക്കത്തിലാണ് സഊദിയിലെ മലയാളം മിഷൻ ഭാരവാഹികൾ.

ബഹ്റൈന്‍

ബഹ്‌റൈനിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദര്‍ശനം വിജയകരമാക്കുന്നതിനെക്കുറിച്ചുള്ള ഒരു ആലോചനായോഗം ഒക്ടോബര്‍ ആറിന് വൈകിട്ട് എട്ടു മണിക്ക് ബഹ്റൈന്‍ കേരളീയ സമാജത്തില്‍ നടക്കുമെന്ന് കേരളീയ സമാജം പ്രസിഡന്റും മലയാളം മിഷന്‍ ബഹ്റൈന്‍ ചാപ്റ്റര്‍ ചെയര്‍മാനുമായ പി വി രാധാകൃഷ്ണ പിള്ള അറിയിച്ചു. ബഹ്റൈനിലെ വിവിധ സംഘടനകള്‍, ലോക കേരളസഭാംഗങ്ങള്‍, മലയാളം മിഷന്‍ ചാപ്റ്ററുകള്‍, വ്യവസായ പ്രമുഖര്‍, പൊതുജനങ്ങള്‍ തുടങ്ങി എല്ലാ മലയാളികളുടെയും നേതൃത്വത്തിലാണ് സ്വീകരണം സംഘടിപ്പിക്കുക. ഒക്ടോബര്‍ ആറിന് നടക്കുന്ന ആലോചനാ യോഗത്തില്‍ എല്ലാ സംഘടനാ പ്രതിനിധികളും പങ്കെടുക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.