ഇസ്താംബൂൾ: ഗസ്സയിലേക്ക് സഹായമെത്തിക്കാൻ പുറപ്പെട്ട ഫ്ലോട്ടിലയിൽ പങ്കെടുത്ത ശേഷം ഇസ്റാഈൽ തടവിലാക്കുകയും പിന്നീട് നാടുകടത്തുകയും ചെയ്ത അന്താരാഷ്ട്ര ആക്ടിവിസ്റ്റുകളോട് ഇസ്റാഈലിന്റെ കൊടും ക്രൂരത. കാലാവസ്ഥാ പ്രവർത്തകയായ ഗ്രേറ്റ തുൻബർഗിനോട് ഇസ്റാഈൽ സേന മോശമായി പെരുമാറിയതായി മറ്റു ആക്ടിവിസ്റ്റുകൾ ആരോപിച്ചു.
യു എസ്., ഇറ്റലി, മലേഷ്യ, കുവൈറ്റ്, സ്വിറ്റ്‌സർലൻഡ്, ടുണീഷ്യ, ലിബിയ, ജോർദാൻ, തുർക്കി തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്നുള്ള 137 പേർ നാടുകടത്തപ്പെട്ടവരിൽ ഉൾപ്പെടുന്നു. ഇവർ ശനിയാഴ്ച ഇസ്താംബൂളിൽ എത്തിച്ചേർന്നതായി തുർക്കിഷ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
ഗ്രേറ്റ തുൻബർഗിനെ ഇസ്റാഈൽ സേന പീഡിപ്പിക്കുന്നത് താൻ നേരിട്ട് കണ്ടതായി തുർക്കിഷ് മാധ്യമപ്രവർത്തകനും ‘ഗസ്സ സുമൂദ് ഫ്ലോട്ടില’ (Gaza Sumud Flotilla) പങ്കാളിയുമായ എർസിൻ സെലിക് പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. തുൻബർഗിനെ നിലത്തിട്ട് വലിച്ചിഴച്ചുവെന്നും ഇസ്റാഈൽ പതാകയിൽ ചുംബിക്കാൻ നിർബന്ധിച്ചുവെന്നും അദ്ദേഹം വെളിപ്പെടുത്തി.
മലേഷ്യൻ ആക്ടിവിസ്റ്റ് ഹസ്വാനി ഹെൽമി, അമേരിക്കൻ പങ്കാളി വിൻഡ്ഫീൽഡ് ബീവർ എന്നിവരും ഇസ്താംബൂൾ എയർപോർട്ടിൽ സമാനമായ കാര്യങ്ങൾ ആരോപിച്ചു. തുൻബർഗിനെ തള്ളിയിടുകയും ഇസ്റാഈൽ പതാകയോടൊപ്പം പ്രദർശിപ്പിക്കുകയും ചെയ്തു എന്നും ഇവർ പറഞ്ഞു.
“അതൊരു ദുരന്തമായിരുന്നു. അവർ ഞങ്ങളോട് മൃഗങ്ങളോടെന്ന പോലെയാണ് പെരുമാറിയത്” – തടവിലായിരുന്നവർക്ക് ഭക്ഷണമോ, ശുദ്ധജലമോ, മരുന്നോ നൽകിയില്ലെന്നും ഹെൽമി കൂട്ടിച്ചേർത്തു.
തുൻബർഗിനോട് വളരെ മോശമായി പെരുമാറി എന്നും ബീവർ പറഞ്ഞു. തീവ്ര വലതുപക്ഷ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ-ഗ്വിർ അകത്തേക്ക് പ്രവേശിക്കുമ്പോൾ തുൻബർഗിനെ ഒരു മുറിയിലേക്ക് തള്ളി മാറ്റിയ സംഭവം അദ്ദേഹം ഓർത്തെടുത്തു.
ഫ്ലോട്ടിലയിൽ ഉണ്ടായിരുന്ന ഇറ്റാലിയൻ മാധ്യമപ്രവർത്തകൻ ലൊറെൻസോ അഗോസ്റ്റിനോയും തുൻബർഗിനോടുള്ള മോശം പെരുമാറ്റം ചൂണ്ടിക്കാട്ടി. ധൈര്യശാലിയായ ഗ്രേറ്റ തുൻബർഗിന് 22 വയസ്സ് മാത്രമാണ് പ്രായം. അവരെ അപമാനിക്കുകയും ഒരു ട്രോഫി പോലെ ഇസ്റാഈൽ പതാകയിൽ പൊതിഞ്ഞ് പ്രദർശിപ്പിക്കുകയും ചെയ്തുവെന്ന് അദ്ദേഹം വാർത്താ ഏജൻസിയോട് പറഞ്ഞു.