ലക്നൗ: മകളെ കൊലപ്പെടുത്തിയ ശേഷം പ്രതിയായി മറ്റൊരാളെ കേസിൽ കുടുക്കാൻ ശ്രമിച്ച അമ്മയും കാമുകനും അറസ്റ്റിൽ. ജീവിക്കാൻ കുട്ടി തടസ്സമാകുമെന്ന് കരുതിയാണ് മൂന്നു വയസ്സുകാരിയായ ദിവ്യാൻഷിയെ സീമയും കാമുകൻ യതേന്ദ്രയും ചേർന്ന് കൊലപ്പെടുത്തിയത്. ഇതിനുശേഷം പ്രദേശവാസിയായ ലാൽട്രേഷ എന്ന സ്ത്രീയാണ് സംഭവത്തിനു പിന്നിലെന്ന് വരുത്തിതീർക്കാൻ ശ്രമിക്കുകയായിരുന്നു.
ലാൽട്രേഷയും കൂട്ടാളികളും ചേർന്ന് തന്റെ മകൾ ദിവ്യാൻഷിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമിക്കുകയാണെന്ന് ആരോപിച്ച് സീമ, നരോറ സ്റ്റേഷനിലാണ് പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ കേസ് റജിസ്റ്റർ ചെയ്ത പൊലീസ് അന്വേഷണം ആരംഭിച്ചു. പരാതി നൽകിയ അതേ ദിവസം തന്നെ ദിവ്യാൻഷിയുടെ മൃതദേഹം ഒരു കനാലിൽ നിന്ന് പൊലീസ് കണ്ടെത്തി.
അന്വേഷണത്തിനിടെ, സീമയും കാമുകൻ യതേന്ദ്രയും ചേർന്ന് കുട്ടിയെ കൊലപ്പെടുത്തിയതായും പൊലീസ് തിരിച്ചറിഞ്ഞു. ചോദ്യം ചെയ്യലിൽ തന്റെ ഭർത്താവ് കുറച്ചു കാലം മുൻപു മരിച്ചുപോയെന്നും യതേന്ദ്രയോടൊപ്പമായിരുന്നു താമസിച്ചിരുന്നതെന്നും സീമ സമ്മതിച്ചു. മകൾ ദിവ്യാൻഷി ജോലിക്ക് പലപ്പോഴും ശല്യമാകുന്നത് ദമ്പതികൾക്കിടയിൽ പതിവായി പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു.
അയൽവാസിയായ ലാൽട്രേഷയുമായി സീമയ്ക്കും കാമുകനും തർക്കമുണ്ടായിരുന്നു. സീമയും യതേന്ദ്രയും കുട്ടിയെ കൊല്ലാനും വൈരാഗ്യം തീർക്കാൻ ലാൽട്രേഷയെ കുടുക്കാനും ശ്രമിക്കുകയായിരുന്നു. പെൺകുട്ടിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം നരോരയിലെ ഗംഗാ കനാലിലേക്ക് വലിച്ചെറിഞ്ഞ ശേഷമാണ് സീമയും യതേന്ദ്രയും പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്. കൂടുതൽ വിശദാംശങ്ങൾക്കായി അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.