ഭക്ഷണം ഓർഡർ ചെയ്തു, തെറ്റി വിളമ്പി; പിന്നെ നടന്നത് കൂട്ടത്തല്ല്

0
7

ടെക്സസ്: ഭക്ഷണം ഓർഡർ ചെയ്തത് മാത്രമേ ഓർമയുള്ളൂ. ഓർഡർ തെറ്റി വിളമ്പിയതോടെ റസ്റ്റോറന്റിൽ കൂട്ടത്തല്ല്. ടെക്സസിലെ സാൻ അന്റോണിയോയിലുള്ള വാട്ട് എ ബർഗർ റസ്റ്റോറന്റിലാണ് സംഭവം. രാത്രി വൈകി ഭക്ഷണം ഓർഡർ ചെയ്ത രണ്ട് കസ്റ്റമേഴ്സിന്റെ ഓർഡറുകൾ പരസ്പരം മാറി വിളമ്പിയതാണ് കൂട്ടത്തല്ലിൽ കലാശിച്ചത്. സംഭവത്തിൽ ഏഴ് പേരെ അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ പ്രാദേശിക സമയം മൂന്നോടെയാണ് ആക്രമണം നടന്നത്. ഓര്‍ഡൽ ചെയ്ത ഭക്ഷണം മാറിപ്പോയതിന്റെ പേരിൽ രണ്ട് ഗ്രൂപ്പുകൾ തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. വാക്കാലുള്ള തർക്കം പെട്ടെന്ന് കയ്യാങ്കളിയിലേക്ക് നീങ്ങിയെന്നാണ് റിപ്പോർട്ട്. ആക്രമണത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു.

ആൻഡ്രസ് ഗാർസിയ കാർഡനാസ് (21), ടൈറോൺ ടോളിവർ (21), മിഗ്വൽ ടോറസ് (57), മെയ്ലി ടോറസ് (21), ആൻഡ്രൂ ലോപ്പസ് (21), ഡിയോണ്ടേ ടോളിവർ (23), വെറോണിക്ക വാൽഡെസ് (53) എന്നിവരെ അറസ്റ്റ് ചെയ്ത് ബെക്‌സർ കൗണ്ടി ജയിലിലേക്ക് കൊണ്ടുപോയി. കയ്യേറ്റം ചെയ്തതിന് ഇവർക്കെതിരെ കേസെടുത്തു.

സാക്ഷിയും ​ഗുരുതരമായി പരിക്കേറ്റ കൗമാരക്കാരന്റെ അമ്മയുമായ റെബേക്ക നോയൽ ദൃശ്യങ്ങൾ റെക്കോർഡു ചെയ്‌ത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്‌തു. ഇതോടെയാണ് സംഭവം പുറംലോകമറിയുന്നത്. റെസ്റ്റോറന്റ് ജിവനക്കാർ തങ്ങളുടെ തെറ്റ് സമ്മതിക്കാതെ, ‘നിങ്ങളുടെ ഓർഡർ അവർക്ക് നൽകിയിട്ടുണ്ട്’ എന്ന് പറഞ്ഞതാണ് പ്രകോപനത്തിന് കാരണമെന്ന് റെബേക്ക വീഡിയോയിൽ പറയുന്നു.