ട്രെയിനിലെ ശുചിമുറിയില്‍ കയറി വാതില്‍ പൂട്ടിയ യാത്രക്കാരനെ ആറുമണിക്കൂറിന് ശേഷം സുരക്ഷാ ഉദ്യോഗസ്ഥരെത്തി പുറത്തിറക്കി. ഉദ്യോഗസ്ഥരെത്തി ശുചിമുറിവാതില്‍ തുറക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
ദീര്‍ഘനേരം ശുചിമുറി തുറക്കാതിരുന്നതോടെ സഹയാത്രികര്‍ ആശങ്കയിലായി. ഇതേ തുടര്‍ന്നാണ് സുരക്ഷാ ഉദ്യോഗസ്ഥരെ വിവരമറിയിച്ചത്. ഉദ്യോഗസ്ഥരും കാറ്ററിങ് ജീവനക്കാരും ശുചിമുറിയുടെ വാതില്‍ തുറക്കാന്‍ പരിശ്രമിക്കുന്നതാണ് വിഡിയോയിലുള്ളത്. അബദ്ധത്തില്‍ ലോക്ക് ആയതാവും എന്നാണ് ആദ്യം കരുതിയത്. എന്നാല്‍ പിന്നീടാണ് യാത്രക്കാരന്‍ ശുചിമുറി ഉള്ളില്‍ നിന്നും പൂട്ടിയിട്ടതാണെന്ന് ബോധ്യപ്പെട്ടത്. സ്ക്രൂ ഡ്രൈവര്‍ ഉപയോഗിച്ച് വാതില്‍ തുറക്കാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
വിഡിയോയുടെ അവസാനഭാഗത്താണ് യാത്രക്കാരന്‍ തന്നെ വാതില്‍ അകത്തുനിന്നും പൂട്ടിയിട്ടതാണെന്ന് ഉദ്യോഗസ്ഥര്‍ക്ക് ബോധ്യപ്പെടുന്നത്. തുടര്‍ന്ന് വാതില്‍ തുറക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ആദ്യമൊന്നും ഇയാള്‍ തയ്യാറാകുന്നില്ല. കുറച്ചുനേരം കഴിഞ്ഞ ശേഷമാണ് ഇയാള്‍ വാതില്‍ തുറന്ന് പുറത്തുവരുന്നത്. ഇയാളെ ചോദ്യം ചെയ്യാനും ചിത്രങ്ങളെടുക്കാനുമായി ഉദ്യോഗസ്ഥരും യാത്രക്കാരും കൂടിനില്‍ക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
സംഭവത്തെക്കുറിച്ച് സോഷ്യല്‍മീഡിയയിലും പല അഭിപ്രായങ്ങളും കമന്റുകളും വരുന്നുണ്ട്. ലഹരി ഉപയോഗിച്ച് ബോധരഹിതനായതാകാമെന്നും മണിക്കൂറുകളോളം ഒളിച്ചിരുന്ന് ടിക്കറ്റ് പരിശോധകരിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു എന്നും കമന്റുകള്‍ നിറയുന്നുണ്ട്. ഈ വൈറല്‍ സംഭവത്തോട് ഇന്ത്യന്‍ റെയില്‍വേ ഇതുവരെ പ്രതികരിച്ചിട്ടില്ല.