ഒഴുകി വരുന്ന രാജകാരുണ്യം; സഊദി ജയിലിൽ നിന്ന് തടവുകാർക്ക് ആശ്വാസം, നിരവധി പേർ നാടണഞ്ഞു

0
103

ദമാം: പലപ്പോഴായി പ്രഖ്യാപിക്കുന്ന രാജകാരുണ്യത്തിൻ്റെ തണലിൽ പൊതുമാപ്പ് ലഭിച്ച് ജയിൽ മോചനം അനുവദിച്ച് കിട്ടുന്ന ആശ്വാസവുമായി അതിൻ്റെ ആനുകാല്യത്തിൽ നിരവധി പ്രവാസികൾ നാടണഞ്ഞു. മയക്കു മരുന്ന് വിൽപന ഉപയോഗം, മദ്യം, വാറ്റ്, മദ്യം വിൽപന ഉപയോഗം, കളവ്, വ്യാജരേഖ സൃഷ്ടിക്കൽ, സാമ്പത്തിക തിരിമറികൾ എന്നിത്യാദി കേസുകളിൽ പെട്ട് ആറ് മാസം മുതൽ ഒന്നും ഒന്നരയും രണ്ടും നാലും അഞ്ചും വർഷം വരേക്കും കോടതി തടവ് ശിക്ഷ വിധിച്ച പലർക്കുമാണ് രാജകാരുണ്യം ആശ്വാസമേകിയത്.

ഇത്തരത്തിലുള്ള ഇളവ് ലഭിച്ച് ജയിൽ മോചനത്തിൽ നാടണയാൻ കാത്തിരിക്കുന്ന മലയാളികളടക്കം ഇന്ത്യയിലെ വ്യത്യസ്ത സംസ്ഥാനങ്ങളിൽ നിന്നുള്ളവരുമുണ്ട്. മയക്കുമരുന്നു ഉപയോഗിച്ച കേസിലെ ആറ് മാസം തടവ് കോടതി ശിക്ഷ ലഭിച്ചവർ കാലാവധി കഴിഞ്ഞ് താൽക്കാലികമായി ജയിൽ മോചനം ലഭിച്ച് പുറത്തിറങ്ങിയവരുമുണ്ട്. ജയിലധികൃതരുടെ കൃത്യമായ അവസരോചിതമുള്ള ആത്മാർത്ഥമായ നടപടിക്രമങ്ങളുടെ പൂർത്തീകരണവും കാര്യങ്ങൾ വേഗത്തിലാവാൻ സഹായകമാണ്.

ഇന്ത്യൻ എംബസി സാമൂഹ്യ പ്രവർത്തകനും പ്രവാസി വെൽഫെയറിൻ്റെ ജുബൈലിലെ ജനസേവന വിഭാഗം കോഡിനേറ്ററുമായ സൈഫുദ്ദീൻ പൊറ്റശ്ശേരിയുടെ അവസരങ്ങൾക്കൊത്ത കൃത്യമായ ജയിൽ സന്ദർശനവും ജയിൽ തടവുകാർക്ക് ആശ്വാസകരണമാണ്. യാത്രാ തടസ്സങ്ങൾ നീങ്ങുമ്പോഴും കാലാവധി കഴിഞ്ഞ പാസ്പോർട്ടും പാസ്പോർട്ടില്ലാത്തവർക്കും നാട്ടിൽ പോവാൻ കഴിയാതെ യാത്ര മുടങ്ങുന്നവർക്കുമാണ് സൈഫുദ്ദീൻ പൊറ്റശ്ശേരിയുടെ ജയിൽ സന്ദർശനം പ്രയോജനപ്പെടുന്നത്.

ജയിൽ തടവുകാരെ നേരിട്ട് കണ്ട് പാസ്പോർട്ട് പുതുക്കാൻ ഔട്ട് പാസിന്നുമുള്ള അപേക്ഷകൾ തരപ്പെടുത്തി അയക്കുമ്പോൾ കാലതാമസം കൂടാതെ തന്നെ ഇന്ത്യൻ എംബസി ഔട്ട് പാസ് അനുവദിച്ചയക്കുന്നതും അഭിനന്ദനീയമാണ്. രാജ കാരുണ്യവും സഊദി ജയിലധികൃതരുടെയും ഇന്ത്യൻ എംബസിയുടെയും സാമൂഹ്യ പ്രവർത്തകൻ്റെയും ഒരുമിച്ചുള്ള ആത്മാർത്ഥമായ സഹകരണങ്ങൾ തികച്ചും പ്രശംസനീയം തന്നെ.

ഭീമമായ സാമ്പത്തിക ബാദ്ധ്യതകളിൽ പെട്ട് അത്രയും തുക തിരിച്ചടക്കാൻ കഴിയാത്തതിനാൽ വർഷങ്ങളോളം തടവ് ശിക്ഷ ലഭിച്ചവർക്കും തുകയടക്കാതെ തന്നെ മാപ്പ് നൽകി നാട്ടിൽ പോവാൻ കഴിഞ്ഞതും സഊദീ ഗവണ്മെൻ്റിൻ്റെ കാരുണ്യം തന്നെയാണ്.