സമ്പൂർണ മദ്യനിരോധനമുള്ള രാജ്യം: കപ്പലിൽ നിന്ന് പിടിച്ചെടുത്തത് 3,037 കുപ്പി മദ്യം

0
89

കുവൈത്ത് സിറ്റി: സമ്പൂർണ മദ്യനിരോധനമുള്ള കുവൈത്തിൽ കഴിഞ്ഞ ദിവസം 3,037 കുപ്പി മദ്യം പിടിച്ചെടുത്തു. കേബിളുമായി യൂറോപ്യൻ രാജ്യത്തുനിന്ന് കുവൈത്തിലെ ഷുവൈഖ് തുറമുഖത്ത് എത്തിയ കപ്പലിന്റെ രഹസ്യ അറയിൽനിന്നാണ് മദ്യക്കുപ്പികൾ കണ്ടെടുത്തതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കുവൈത്തിൽ ഓഗസ്റ്റിലുണ്ടായ വിഷമദ്യ ദുരന്തത്തിൽ 23 വിദേശികൾ മരിക്കുകയും 160 പേർ ചികിത്സ തേടുകയും ചെയ്തിരുന്നു.

ഇതിൽ പലരുടെയും കാഴ്ചശക്തി നഷ്ടപ്പെടുകയും വൃക്കകളുടെ പ്രവർത്തനം നിലയ്ക്കുകയും ചെയ്തിരുന്നു. മദ്യദുരന്തത്തെ തുടർന്ന് നടത്തിയ വ്യാപക പരിശോധനയിൽ ഇന്ത്യക്കാർ ഉൾപ്പെടെ ഒട്ടേറെ പേരാണ് അറസ്റ്റിലായത്. അനധികൃത മദ്യശാല അടച്ചുപൂട്ടുകയും ചെയ്തു.

കുറ്റക്കാർക്കെതിരെ ആജീവനാന്ത വിലക്കേർപ്പെടുത്തി നാടുകടത്തൽ ഉൾപ്പെടെ കടുത്ത നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നുവെങ്കിലും അനധികൃത മദ്യക്കച്ചവടം തുടരുകയാണ്.