ഗ്രൂപ്പ് വിവാദങ്ങൾക്കിടെ വയനാട് ഡിസിസി പ്രസിഡന്‍റ് എൻ.ഡി അപ്പച്ചൻ രാജിവെച്ചു

0
81

വയനാട്: ഗ്രൂപ്പ് വിവാദങ്ങൾക്കിടെ വയനാട് ഡിസിസി പ്രസിഡന്‍റ് എൻ.ഡി അപ്പച്ചൻ രാജിവെച്ചു.രാജി കെപിസിസി നേതൃത്വം അംഗീകരിച്ചു. വയനാട് പാർട്ടിയിലെ വിഷയങ്ങൾ കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടാണെന്ന് അപ്പച്ചൻ പാർട്ടിയെ അറിയിച്ചിരുന്നു. ടി.ജെ ഐസക്കിന് താൽകാലിക ചുമതല നൽകാനാണ് തീരുമാനം.

മുള്ളൻകൊല്ലിയിലെ അടക്കമുള്ള വിഷയങ്ങൾ കോൺഗ്രസിനെ വെട്ടിലാക്കിയിരുന്നു. സ്വയം രാജിവച്ചതാണെന്ന് അപ്പച്ചൻ പറഞ്ഞു. ബാക്കി കാര്യങ്ങൾ കെപിസിസി നേതൃത്വം പറയുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ”രാജി സന്നദ്ധത അറിയിച്ചിരുന്നതാണ്. രാജി അംഗീകരിച്ചതായി നേതാക്കൾ എന്നെ‍ അറിയിച്ചിട്ടില്ല. ഒഴിവാകാന്‍ പറഞ്ഞാല്‍ നാളെ ഒഴിവാകും” അപ്പച്ചൻ മാധ്യമങ്ങളോട് പറഞ്ഞു.

വയനാട് ഡിസിസി ട്രഷറർ എൻ.എം വിജയന്‍റെ ആത്മഹത്യയിൽ ഐ.സി ബാലകൃഷ്ണൻ എംഎൽഎ, ഡിസിസി പ്രസിഡന്റ് എൻ.ഡി അപ്പച്ചൻ, മുൻ കോൺ​ഗ്രസ് നേതാവ് കെ.കെ ​ഗോപിനാഥൻ എന്നിവർക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയിരുന്നു. പിന്നീട് ഇവര്‍ക്ക് കല്പറ്റ സെഷൻസ് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.