വാഷിങ്ടണ്‍: യുഎസില്‍ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കുറ്റവാളിയെ ഇന്ത്യന്‍ വംശജനായ യുവാവ് കുത്തിക്കൊന്നു. കാലിഫോര്‍ണിയയിലെ ഫ്രേമോണ്ടിലാണ് സംഭവം. കുട്ടിയെ പീഡിപ്പിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട ഡേവിഡ് ബ്രിമ്മര്‍ എന്ന 71-കാരനാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇന്ത്യന്‍വംശജനായ വരുണ്‍ സുരേഷി(29)നെ പോലീസ് അറസ്റ്റ് ചെയ്തു.
ഒരു ലൈംഗിക കുറ്റവാളിയെ കൊലപ്പെടുത്തുകയെന്നത് തന്റെ ഏറെനാളത്തെ ആഗ്രഹമായിരുന്നുവെന്നും അതാണ് നടപ്പിലാക്കിയതെന്നുമാണ് അറസ്റ്റിലായ വരുണ്‍ സുരേഷ് പോലീസിന് നല്‍കിയ മൊഴി. ഇത്തരക്കാര്‍ കുട്ടികളെ വേദനിപ്പിക്കുന്നവരാണെന്നും ഇവരെല്ലാം മരണത്തിന് അര്‍ഹരാണെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു.
കൊല്ലപ്പെട്ട ഡേവിഡ് ബ്രിമ്മര്‍ 1995-ല്‍ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായിരുന്നു. ഒന്‍പതുവര്‍ഷമാണ് പീഡനക്കേസില്‍ ശിക്ഷിക്കപ്പെട്ട ഇയാള്‍ തടവ് അനുഭവിച്ചത്. കൊല്ലപ്പെട്ട ഡേവിഡ് ബ്രിമ്മറും പ്രതിയായ വരുണ്‍ സുരേഷും തമ്മില്‍ നേരത്തേ ബന്ധമൊന്നും ഇല്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
കാലിഫോര്‍ണിയയിലെ മേഗന്‍സ് ലോ ഡാറ്റാബേസില്‍നിന്നാണ് വരുണ്‍ സുരേഷ് ഡേവിഡ് ബ്രിമ്മറെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചതെന്നാണ് പോലീസ് നല്‍കുന്നവിവരം. ലൈംഗിക കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ടവരുടെ പേരുവിവരങ്ങളും മറ്റു വിശദാംശങ്ങളും ലഭ്യമാകുന്ന ഓണ്‍ലൈന്‍ രജിസ്ട്രിയാണ് മേഗന്‍സ് ലോ ഡാറ്റാബേസ്. പൊതുജനങ്ങളുടെ സുരക്ഷയ്ക്കായാണ് ഇത് ലഭ്യമാക്കുന്നത്.