ലോക സമ്പദ്‍വ്യവസ്ഥയ്ക്കുമേൽ വീണ്ടും ആശങ്കയുടെ കാർമേഘം തീർത്ത് മധ്യേഷ്യയും യൂറോപ്പും സംഘർഷ കലുഷിതമാകുന്നു. ആണവ പദ്ധതികൾ സംബന്ധിച്ച് ഇനി യുഎസുമായി ചർച്ചയ്ക്കില്ലെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല ഖമനയി വ്യക്തമാക്കി. ഇതേ നിലപാട് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ ഇന്നലെ യുഎന്നിലെ തന്റെ പ്രസംഗത്തിൽ ആവർത്തിക്കുകയും ചെയ്തതോടെ, ഇറാൻ-യുഎസ് ഭിന്നത കൂടുതൽ കനക്കുമെന്ന ആശങ്ക ശക്തമായി.
ആണവ ആയുധങ്ങൾ നിർമിക്കുന്നുവെന്ന് ആരോപിച്ച് കഴിഞ്ഞ ജൂണിൽ ഇസ്രയേലും തൊട്ടുപിന്നാലെ യുഎസും ഇറാനിൽ വ്യോമാക്രമണം നടത്തിയിരുന്നു. സമാധാന ചർച്ചകൾ നടത്താൻ തീരുമാനിച്ചിരിക്കേയുള്ള ഈ ആക്രമണം നയതന്ത്ര മര്യാദകളുടെ ലംഘനമാണെന്ന് ഇറാൻ പ്രസിഡന്റ് ആരോപിച്ചു. മുൻവശത്ത് ‘കിൽഡ് ബൈ ഇസ്രയേൽ’ എന്നെഴുതിയ പുസ്തകവും ഉയർത്തിക്കാട്ടിയ പെസെഷ്കിയൻ, ആക്രമണത്തിന് ഇരയായവരുടെ ചിത്രങ്ങളും പ്രദർശിപ്പിച്ചു.
യുഎസുമായുള്ള ചർച്ചാസാധ്യതങ്ങൾ അടഞ്ഞെന്ന് കഴിഞ്ഞദിവസം ഖമനയി പറഞ്ഞിരുന്നു. യുറേനിയം പദ്ധതികൾ ഇറാൻ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ടെന്നത് യുഎസിനെയും ഇസ്രയേലിനെയും ചൊടിപ്പിച്ചേക്കും. ‘‘സ്വന്തം നേട്ടം ലക്ഷ്യമിട്ടാണ് ട്രംപ് ചർച്ച വേണമെന്ന് പറയുന്നത്. എന്നിട്ടത്, തന്റെ ക്രെഡിറ്റായി മറ്റുള്ളവരോട് വിളിച്ചുംപറയും. ഇറാന് അത്തരം ചർച്ചകളിൽ നഷ്ടമേ ഉണ്ടാകൂ. അത് അനുവദിക്കാനാവില്ല’’ – ഖമനയി പറഞ്ഞു.
അതേസമയം, വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കാനുള്ള ഇസ്രയേലിന്റെ നീക്കത്തെ ചെറുക്കുമെന്ന് അറബ് രാഷ്ട്രങ്ങളുടെ നേതാക്കളോട് ട്രംപ് വ്യക്തമാക്കി. വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കാനുള്ള ഇസ്രയേലിന്റെ നീക്കം സർവസീമകളുടെയും ലംഘനമായി കണക്കാക്കുമെന്നും യുഎസ് മധ്യസ്ഥതയെടുത്ത് ഉറപ്പാക്കിയ ഇസ്രയേൽ-യുഎഇ സമാധാന ഉടമ്പടി അപ്രസക്തമാകുമെന്നും യുഎഇ വ്യക്തമാക്കിയിട്ടുണ്ട്. ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹുവിന്റെ യുഎന്നിലെ പ്രസംഗത്തിലേക്കാണ് ഇപ്പോൾ ഏവരും കാതോർക്കുന്നത്.





