ന്യൂഡൽഹി: ജിഎസ്ടി പരിഷ്കാരം രാജ്യത്ത് നിലവിൽ വന്നു. രണ്ട് സ്ലാബുകളിൽ നികുതി നിജപ്പെടുത്തിയതോടെ ഉൽപ്പന്നങ്ങളുടെ വിലയും സേവന നിരക്കുകളും കുറഞ്ഞു. കുറഞ്ഞ വില എത്ര നാൾ നിലനിൽക്കുമെന്നതാണ് പ്രതിപക്ഷത്തിൻ്റെ പ്രധാന ചോദ്യം.
നികുതി സ്ലാബുകൾ 5,18 എന്നിങ്ങനെ ചുരുങ്ങിയതോടെ മധ്യവർഗം ഉൾപ്പെടെ എല്ലാ മേഖലകളിലുള്ളവർക്കും ഗുണമുണ്ടായെന്നാണ് സർക്കാർ വാദം. വെണ്ണ, നെയ്, പനീർ ഉൾപ്പെടെയുള്ള പാലുൽപ്പന്നങ്ങളുടെ വില കുറഞ്ഞു. ചെറുകാറുകൾ, ബൈക്കുകൾ, എയർകണ്ടീഷൻ എന്നിവയുടെ പുതുക്കിയ വില കമ്പനികൾ പ്രസിദ്ധീകരിച്ചു.
നിത്യോപയോഗ സാധനങ്ങളായ ടൂത്ത്പേസ്റ്റ്, ബ്രഷ്, സോപ്പ്, വസ്ത്രങ്ങൾ, ഷാംപൂ എന്നിവയുടെ വിലയിലെ മാറ്റം എത്ര നാൾ നിലനിൽക്കുമെന്നതാണ് പ്രധാന ചോദ്യം. ഇവയുടെ നികുതി കുറയ്ക്കുന്ന കാര്യം തുടർച്ചയായി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നതായി കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നു.
ജീവൻരക്ഷാ മരുന്നുൻ്റെയും ഇൻഷുറൻസിൻ്റേയും നികുതി കുറയുന്നത് നേട്ടമായി സർക്കാർ ഉയർത്തിക്കാട്ടുന്നു. രണ്ടരലക്ഷം കോടിയുടെ നേട്ടം ജനങ്ങൾക്ക് ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ അറിയിച്ചിരുന്നു