ആലപ്പുഴ: സഹോദരിയെ തലക്ക് അടിച്ച് ഗുരുതരമായി പരുക്കേൽപ്പിച്ച കേസിൽ തഴക്കര പഞ്ചായത്ത് പനു വേലിൽ വീട്ടിൽ ഗോപി കുട്ടൻ പിള്ള( 57) നെ കുറ്റക്കാരനായി കണ്ടെത്തി 18 മാസത്തേക്ക് തടവിന് ശിക്ഷിച്ചു. മാവേലിക്കര അഡീഷണൽ ജില്ലാ സെഷൻസ് കോടതി1 ജഡ്ജി വി ജി ശ്രീദേവി ആണ് ശിക്ഷിച്ചത്.
കഴിഞ്ഞ വർഷം ജൂൺ 12 ന് രാവിലെ 9 മണിക്ക് ആയിരുന്നു സംഭവം. വിവാഹിതയായ സഹോദരി മണിയമ്മയോടൊപ്പം താമസിച്ചുവന്ന പ്രതി സഹോദരിയും ഭർത്താവും വീട്ടിൽ നിന്നും മാറി താമസിക്കാത്തതിലുള്ള വിരോധത്തിൽ രാവിലെ തിണ്ണയിൽ കിടന്ന സഹോദരിയെ തടി കഷണം കൊണ്ട് അപകടകരമായി തലക്ക് അടിച്ച് ഗുരുതരമായി പരിക്കേൽപ്പിക്കുകയായിരുന്നു.
കുറത്തികാട് പൊലീസ് സ്റ്റേഷൻ എസ് ഐ ബിജു സി വി ഈ സംഭവത്തിന് കേസ്സ് രജിസ്റ്റർ ചെയ്തു പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പ്രതിയെ ജയിലിൽ പാർപ്പിച്ചാണ് വിചാരണ പൂർത്തിയാക്കിയത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ പി വി സന്തോഷ് കുമാർ ഹാജരായി.