കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വര മരണമെന്ന് സംശയം. പന്നിയങ്കരയിൽ കഴിഞ്ഞ ദിവസം മരിച്ച തൃശൂർ സ്വദേശിക്ക് ഒപ്പം ജോലി ചെയ്ത മറ്റൊരാൾ സമാന ലക്ഷണങ്ങളോടെ മരിച്ചു. കോട്ടയം സ്വദേശിയായ ശശിയാണ് മരിച്ചത്. പന്നിയങ്കരയിലെ ഹോട്ടൽ അടച്ചിടാൻ കോർപ്പറേഷൻ ആരോഗ്യ വിഭാഗം നിർദേശം നൽകി.
പന്നിയങ്കരയിലെ ശ്രീ നാരായണ ഹോട്ടൽ അടച്ചിടാനാണ് കോർപ്പറേഷൻ നിർദേശം. വെള്ളിയാഴ്ചയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന തൃശൂര്‍ ചാവക്കാട് സ്വദേശിയായ 59 കാരൻ മരിച്ചത്. വ്യാഴാഴ്ച അര്‍ധരാത്രിയാണ് ഇദ്ദേഹത്തെ അബോധാവസ്ഥയില്‍ ആശുപത്രിയില്‍ എത്തിച്ചത്.
അതേസമയം സംസ്ഥാനത്ത് രണ്ട് പേർക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം സ്വദേശിയായ 13കാരനും ആർസിസിയിൽ ചികിത്സയിലുള്ള കൊല്ലം സ്വദേശിനിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 13കാരൻ നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. രോഗം സ്ഥിരീകരിച്ച 10 പേരാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ളത്.
നേഗ്ലെറിയ ഫൗലേറി, അക്കാന്ത അമീബ, സാപ്പിനിയ, ബാലമുത്തിയ വെര്‍മമീബ എന്നീ അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണുക്കള്‍ തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗം ഉണ്ടാകുന്നത്. മൂക്കിനേയും മസ്തിഷ്‌കത്തേയും വേര്‍തിരിക്കുന്ന നേര്‍ത്ത പാളിയിലുള്ള സുഷിരങ്ങള്‍ വഴിയോ കര്‍ണ്ണ പടലത്തിലുണ്ടാകുന്ന സുഷിരം വഴിയോ അമീബ തലച്ചോറിലേക്ക് കടക്കുകയും മെനിഞ്ചോ എന്‍സെഫലൈറ്റിസ് ഉണ്ടാക്കുകയും ചെയ്യുന്നു.
97 ശതമാനത്തിലധികം മരണനിരക്കുള്ള രോഗമാണിത്. രോഗം മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പകരില്ല. വെള്ളത്തിലിറങ്ങുമ്പോള്‍ അടിത്തട്ടിലെ ചെളിയിലുള്ള അമീബ വെള്ളത്തില്‍ കലങ്ങുകയും മൂക്കിലൂടെ ശരീരത്തില്‍ പ്രവേശിക്കുകയും ചെയ്യുന്നു. രോഗാണുബാധ ഉണ്ടായാല്‍ ഒന്ന് മുതല്‍ ഒന്‍പത് ദിവസങ്ങള്‍ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകും.