എസി കമ്പാര്‍ട്ട്മെന്‍റിലെ യാത്രക്കിടെ ബെഡ് ഷീറ്റ് മോഷ്ടിച്ച് കുടുംബം; കയ്യോടെ പിടികൂടി

0
163

ഭുവനേശ്വര്‍: എസി കമ്പാര്‍ട്ട്മെന്‍റിലെ യാത്രക്കിടെ ട്രെയിനിലെ ബെഡ് ഷീറ്റുകൾ മോഷ്ടിച്ച ഒരു കുടുംബത്തിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

പുരുഷോത്തം എക്സ്പ്രസിലെ ഫസ്റ്റ് ക്ലാസ് എസി കോച്ചിൽ യാത്ര ചെയ്യുന്നതിനിടെ റെയിൽവേ ബെഡ്ഷീറ്റുകൾ മോഷ്ടിച്ചത്. ട്രെയിൻ സ്റ്റേഷനിലെത്തിയതിന് ശേഷം അധികൃതര്‍ സ്ത്രീയുടെ ബാഗിൽ നിന്നും ബെഡ് ഷീറ്റുകൾ പുറത്തെടുക്കുന്ന വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ഒഡിഷയിലെ പുരിക്കും ന്യൂഡൽഹിക്കും ഇടയിൽ ഓടുന്ന സൂപ്പർഫാസ്റ്റ് ട്രെയിനായ പുരുഷോത്തം എക്സ്പ്രസ്, ഒഡിഷ, പശ്ചിമ ബംഗാൾ, ജാർഖണ്ഡ്, ബിഹാർ, ഉത്തർപ്രദേശ് എന്നിവയുൾപ്പെടെയുള്ള സംസ്ഥാനങ്ങളിലൂടെയാണ് കടന്നുപോകുന്നത്.

ഏറ്റവും തിരക്കേറിയ റൂട്ടുകളിലൊന്നാണിത്. ബാപി സാഹു എന്ന ഉപയോക്താവ് എക്സിൽ പങ്കിട്ട വീഡിയോയിൽ ഒരു സ്ത്രീ ഉൾപ്പെടെ മൂന്നു പേരടങ്ങുന്ന കുടുംബത്തെ രണ്ട് ടിടിഇമാരും റെയിൽവെ ജീവനക്കാരും ചേര്‍ന്ന് ചോദ്യം ചെയ്യുന്നത് കാണാം. ലഗേജിലേക്ക് ബെഡ്ഷീറ്റുകൾ ഒളിപ്പിച്ചു കയറ്റാൻ ശ്രമിച്ചുവെന്ന് ഉദ്യോഗസ്ഥര്‍ ആരോപിച്ചു.