കിഴക്കൻ സഊദിയിലെ ജുബൈലിൽ ബസുകൾ കൂട്ടിയിടിച്ച് അപകടം; ഉള്ളാൾ സ്വദേശി മരിച്ചു

0
243

ദമാം: സഊദിയിൽ ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മാംഗ്ലൂർ സ്വദേശി മരിച്ചു. മാംഗ്ലൂർ ഉള്ളാൾ സ്വദേശി അബ്ദുൽ റാസിഖ് (25) ആണ് മരിച്ചത്. കിങ് ഫഹദ് റോഡിൽ ഹദീദിനടുത്ത് തൊഴിലാളികൾ സഞ്ചരിച്ചിരുന്ന ബസുകൾ കൂട്ടിയിടിച്ചാണ് അപകടം നടന്നത്.

മുഹമ്മദ് ഫഖ്‌റുദ്ധീൻ സിദ്ദിഖി, പ്രിൻസ് അലോയ് എസസ് (ഇന്ത്യ), ഫൈസൽ മെഹ്ബൂബ് അലി (പാക്കിസ്ഥാൻ), കമൽ കിഷോർ യാദവ് (നേപ്പാൾ) എന്നിവർ ഉൾപ്പെടെ എട്ട് പേർ പരിക്കേറ്റ് അൽമന ആശുപത്രിയിലും മറ്റുമായി ചികിത്സയിലാണ്. രണ്ടു ബസുകളിലായി 29 യാത്രക്കാർ ഉണ്ടായിരുന്നു.

ഞായറാഴ്ച രാത്രി റാസിഖ് സ്റ്റാഫ് ബസിൽ ജോലി സ്ഥലത്തേക്ക് പോകുമ്പോൾ മറ്റൊരു ബസ് ഇടിച്ചെന്നും ഗുരുതരമായി പരിക്കേറ്റ് സംഭവസ്ഥലത്ത് തന്നെ മരിച്ചതായും കുടുംബം അറിയിച്ചു.

സഊദിയിലെ ജുബൈലിൽ പോളിടെക് കമ്പനിയിൽ ജോലി ചെയ്തിരുന്ന യുവാവ് സിവിൽ എഞ്ചിനീയറിങ് ബിരുദധാരിയാണ്. ജൂലൈയിൽ നാട്ടിൽ വന്ന് തിരിച്ചുപോയി കഴിഞ്ഞ മാസം 15നാണ് സഊദിയിൽ ജോലി പുനരാരംഭിച്ചത്.

കുടുംബത്തിലെ ഇളയ മകനായിരുന്നു റാസിഖ്. അസുഖം മൂലം നേരത്തെ സഹോദരനും സഹോദരിയും മരിച്ചിരുന്നു.

പാക്കിസ്ഥാൻ സ്വദേശികളാണ് ബസുകൾ ഓടിച്ചിരുന്നത്. ഇന്ത്യക്കാരനായ മുഹമ്മദ് കാർതിഷ് ഓടിച്ചിരുന്ന ടൊയോട്ട യാരിസ് കാറും അപകടത്തിൽ പെട്ടു. മരണപ്പെട്ട അബ്ദുൽ റാസിഖ് ജുബൈലിലെ ഒരു കമ്പനിയിൽ സൂപ്പർവൈസർ ആയിരുന്നു.

പിതാവ്: മുഹമ്മദ്, മാതാവ്: അതിജാമ്മ. മൃതദേഹം ജുബൈൽ ജനറൽ ആശുപതി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഔദ്യോഗിക നടപടികൾക്ക് ശേഷം മൃതദേഹം സൗദിയിൽ തന്നെ ഖബറടക്കും. ഔദ്യോഗിക നടപടികൾ പുരോഗമിക്കുകയാണ്.