അറബ് മേഖല ഇസ്റാഈലിന്റേതായി മാറുമെന്ന് നെതന്യാഹു സ്വപ്നം കാണുന്നു; ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനി

0
113

ദോഹ: അറബ് മേഖലയിൽ സ്വാധീനം ഉറപ്പാക്കാമെന്നത് ഇസ്രായേലിന്റെ അപകടകരമായ വ്യാമോഹമാണെന്ന് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനി. അറബ് ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു ഖത്തർ അമീർ.

അറബ് മേഖല ഇസ്രായേലിന്റേതായി മാറുമെന്ന് നെതന്യാഹു സ്വപ്നം കാണുന്നു. അത് അപകടകരമായ ആലോചനയാണ്. ഇസ്രായേലിന്റെ ദോഹ ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ഖത്തർ അമീർ ചൂണ്ടിക്കാട്ടി. ദോഹ ആക്രമണത്തിൽ ഖത്തർ മാത്രമല്ല, ലോകവും സ്തംഭിച്ചു. ഭീരുത്വ പൂർണമായ ആക്രമണമാണ് നടന്നതെന്നും അമീർ പറഞ്ഞു.

ഗസ്സയെ താമസം സാധ്യമാകാത്ത ഇടമാക്കി മാറ്റാനാണ് ഇസ്രായേൽ ശ്രമം. ഗസ്സ യുദ്ധം ഇപ്പോൾ വംശഹത്യ ആയി മാറി. ഗസ്സ യുദ്ധം അവസാനിപ്പിക്കാൻ ഖത്തർ ശ്രമങ്ങൾ നടത്തി. ഹമാസിനും ഇസ്രായേലിനും ഇടയിലുള്ള കൂടിയാലോചനകൾ വിജയത്തിൽ എത്തേണ്ടതായിരുന്നു. ബന്ദി മോചനവും സാധ്യമാകുമായിരുന്നു. അമേരിക്ക തയാറാക്കിയ നിർദേശം ഹമാസ് ചർച്ച ചെയ്യാൻ തയാറായിരുന്നു. ഹമാസ് നേതാക്കളെ കൊല്ലാൻ ഇസ്രായേൽ ആഗ്രഹിച്ചിരുന്നു എങ്കിൽ ചർച്ചകളിൽ പങ്കെടുത്തത് എന്തിനായിരുന്നു. ബന്ദി മോചനം ലക്ഷ്യമായിരുന്നു എങ്കിൽ ചർച്ചയ്ക്ക് എത്തിയവരെ വക വരുത്തിയത് എന്തിനായിരുന്നു. രാജ്യത്തേക്ക് ഡ്രോണും വിമാനവും അയക്കുന്ന രാഷ്ട്രത്തെ ഇനി ചർച്ചയ്ക്ക് വിളിക്കുന്നത് എങ്ങനെയാണ്? -ഖത്തർ അമീർ ചോദിച്ചു.