അരലക്ഷത്തിൻറെ ഒരുരൂപ നാണയം, പത്തുലക്ഷം വിലയുള്ള ‘അഞ്ചുരൂപ നോട്ട്’, ഓൺലൈനിലെ ചതിക്കുഴികൾ

0
194

ന്യൂഡൽഹി: അമ്പത് വർഷം മുമ്പ് ആർ.ബി.ഐ പുറത്തിറക്കിയ പ്രത്യേക നാണയത്തിന് 10 ലക്ഷം രൂപവരെ, ​ഒരു രൂപയുടെ​ നോട്ടിന് ആറുലക്ഷം… ഓൺലൈനിൽ വാർത്തകൾ മുതൽ പരസ്യങ്ങളും ചർച്ചകളും കാണാത്തവരുണ്ടാവില്ല. വൻതുകകൾ വാഗ്ദാനം ചെയ്ത് വരുന്ന ഇത്തരം തട്ടിപ്പുകളിൽ കുരുങ്ങി പുലിവാലുപിടിച്ചവരുടെ കഥകൾ അതിനുമപ്പുറമാവും. ​

ലക്ഷങ്ങളുടെ കളികൾ
ഫെയ്സ്ബുക്കിലെ പരസ്യം കണ്ടാണ് ഓഗസ്റ്റിൽ ഹൈദരാബാദ് രാംനഗർ സ്വദേശിയായ 74കാരൻ വിരളമായ നാണയം വിൽക്കാൻ ശ്രമിച്ചത്. കയ്യിലുള്ള നാണയം 72 ലക്ഷം വിലമതിക്കുമെന്നായിരുന്നു തട്ടിപ്പുകാർ അദ്ദേഹത്തെ വിശ്വസിപ്പിച്ചത്. പിന്നാലെ, വാങ്ങൽ നടപടികൾക്ക് വെരിഫിക്കേഷനും റിസർവ് ബാങ്ക് അനുമതിയുമടക്കം കാരണങ്ങൾ പറഞ്ഞ് തട്ടിപ്പുകാർ അദ്ദേഹത്തിൽ നിന്ന് പണം ആവശ്യപ്പെടാൻ തുടങ്ങി. വിശ്വസനീയമായായിരുന്നു ഇടപാടുകൾ. ആറ് ആഴ്ചകൾ കൊണ്ട് അദ്ദേഹം 28 യു.പി.ഐ ട്രാൻസ്ഫറുകൾ നടത്തി, ബന്ധുക്കളിൽ നിന്ന് പോലും കടം വാങ്ങി. ഒടുക്കം നഷ്ടമായത് 4.27 ലക്ഷം രൂപ. തട്ടിപ്പുകാർ കുടുതൽ പണം ആവശ്യപ്പെട്ട് ഭീഷണി തുടങ്ങിയതോടെയാണ് അദ്ദേഹം ഒടുവിൽ സൈബർ ക്രൈം വിഭാഗത്തെ സമീപിച്ചത്.

പഴയ നാണയത്തിന് വൻതുകകൾ വാഗ്ദാനം ചെയ്ത് രൂപ പട്ടേൽ എന്ന പ്രൊഫൈലിൽ നിന്ന് തുടരെ റീലുകൾ കണ്ടാണ് ഗ്യാൻഷി സിങ് തട്ടിപ്പിൽ പെടുന്നത്. റീലിൽ നൽകിയ നമ്പറിൽ ബന്ധപ്പെട്ടപ്പോൾ കയ്യിലുളള​ നാണയങ്ങൾ വ്യക്തമായ ഫോട്ടോയെടുത്ത് നൽകാൻ നിർദേശം. അതിന് പിന്നാലെ, നാണയങ്ങൾ 62 ലക്ഷം വിലമതിക്കുമെന്ന് മറുപടിയും. എന്നാൽ, കുടുംബാംഗങ്ങളുമായി വിവരം പങ്കുവെ​ച്ചതോടെ ഗ്യാൻഷി സിങ് തലനാരിഴക്ക് രക്ഷപ്പെട്ടു