“മൂന്നാമത് ഇടതുപക്ഷം അധികാരത്തില്‍ എത്തിയില്ലെങ്കില്‍ കാരണം ആഭ്യന്തര വകുപ്പ് മാത്രം”; വിമർശിച്ച് സിപിഐ സംസ്ഥാന സമ്മേളനം

0
10

ആലപ്പുഴ: മുന്നണിയിലേതുപോലെ മന്ത്രിസഭയിലും പാർട്ടിയോട് അവഗണനയെന്ന് സിപിഐ സംസ്ഥാന സമ്മേളനത്തിൽ വിമർശനം. രാഷ്ട്രീയ, പ്രവർത്തന റിപ്പോർട്ടിന്‍മേലുള്ള പൊതുചർച്ചയിലാണ് പ്രതിനിധികള്‍ വിമർശനങ്ങള്‍ ഉന്നയിച്ചത്. സിപിഐഎമ്മിന് ആർഎസ്എസ് സമീപനമാണെന്ന് പറഞ്ഞ പ്രതിനിധകള്‍ മുഖ്യമന്ത്രിയെയും പൊലീസിനെയും രൂക്ഷമായി വിമർശിച്ചു.

കേരളാ പൊലീസിൽ അടിത്തട്ടുമുതൽ മുകൾത്തട്ടുവരെ ക്രിമിനൽ ബന്ധമുള്ളവരാണെന്നാണ് പൊതുചർച്ചയില്‍ ഉയർന്ന പ്രധാന വിമർശനം. എഡിജിപി എം.ആർ. അജിത്കുമാർ ക്രിമിനൽ ബന്ധത്തിന്റെ പ്രകടമായ തെളിവാണ്. തൃശൂർ പൂരം കലക്കലുമായി ബന്ധപ്പെട്ട് സർക്കാരിന് ഇപ്പോഴും അദ്ദേഹത്തിന്റെ പങ്കിനെ സംബന്ധിച്ച് സംശയമാണ്. റവന്യു മന്ത്രി ഫോണിൽ വിളിച്ചാൽ പോലും പ്രതികരിക്കാൻ തയ്യാറാകാത്ത ആളാണ് എഡിജിപി. ബിജിപിക്ക് അജിത് കുമാറുമായുള്ള ബന്ധമാണ് മുഖ്യമന്ത്രിക്കുള്ള പ്രത്യേക താല്‍പ്പര്യത്തിന് കാരണം. കേരളത്തിലെ പൊലീസ് സ്റ്റേഷനുകൾ നയിക്കുന്നത് ആർഎസ്എസ് ഫ്രാക്ഷനുകളാണെന്നും വിമർശനമുണ്ടായി.

മുഖ്യമന്ത്രി എഡിജിപിയെ സംരക്ഷിക്കുമ്പോൾ ബ്രാഞ്ച് സെക്രട്ടറിയും ലോക്കൽ സെക്രട്ടറിയും പൊലീസ് സ്റ്റേഷനുകളിൽ ഇടി വാങ്ങുന്നു. സാധാരണ ജനത്തിന്റെയും അവസ്ഥ മറിച്ചല്ലെന്നും പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ വകുപ്പ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ മൂല്യങ്ങൾ ബലി കഴിക്കുകയാണ്. ഇതിനെ സിപിഐ ചോദ്യം ചെയ്യണമെന്നും പൊതുചർച്ചയില്‍ പ്രതിനിധികള്‍ ആവശ്യപ്പെട്ടു.

മൂന്നാമത് ഇടതുപക്ഷം അധികാരത്തില്‍ വരാതിരിക്കുകയാണെങ്കിൽ കാരണം ആഭ്യന്തരവകുപ്പ് മാത്രമാകും. കയറും കള്ള് വ്യവസായവും പ്രതിസന്ധി നേരിടുമ്പോൾ കേരളത്തിൽ പെട്ടിക്കടകൾ പോലെ വിദേശ മദ്യ ഷാപ്പുകൾക്ക് അനുമതി നല്‍കുകയാണ്. സർക്കാരിന്റെ ഈ നയം ഇടതുപക്ഷ നിലപാടുകൾക്ക് വിരുദ്ധമാണ്. മുന്നണിയിലെ കക്ഷി എന്ന നിലയിൽ ഇതിനെതിരെ ഉറച്ച നിലപാട് സിപിഐ സ്വീകരിക്കണം.

സിപിഐ ഭരിക്കുന്ന വകുപ്പുകളോട് ചിറ്റമ്മ നയമാണെന്നും പൊതുചർച്ചയില്‍ അഭിപ്രായമുണ്ടായി. മന്ത്രിമാരെ കൂച്ചുവിലങ്ങിട്ട് നീന്തൽ കുളത്തിലേക്ക് തള്ളിയിട്ട അവസ്ഥയാണ്. കൈയും കാലും ചങ്ങലയിൽ ബന്ധിച്ചിരിക്കുകയാണ്. വകുപ്പുകൾക്ക് സാമ്പത്തിക വിഹിതം അനുവദിക്കുന്നത് പക്ഷപാതപരം. സപ്ലൈകോ ഉദാഹരണമാണ്. നാമെല്ലാം ന്യായീകരണ തൊഴിലാളികളയി കേന്ദ്രത്തെ കുറ്റം പറയുന്നു.

സർക്കാരിനിതിൽ ഒരു പങ്കുമില്ലെന്ന് ഹൃദയത്തിൽ തൊട്ട് പറയാൻ കഴിയുമോയെന്ന് പ്രതിനിധികള്‍ ചോദിച്ചു. കർഷക തൊഴിലാളികൾ മരണത്തോട് മല്ലടിക്കുന്നു. സർക്കാരിന് തൊഴിലാളി വിരുദ്ധ സമീപനമാണെന്നും കമ്മ്യുണിസ്റ്റ് സർക്കാരിനെ അധികാരത്തിൽ ഏറ്റാൻ പാടുപെട്ട കർഷക തൊഴിലാളികളെ സർക്കാർ മറന്നുവെന്നും സിപിഐ സമ്മേളനത്തില്‍ വിമർശനമുണ്ടായി.