ഗസ്സ സിറ്റി: ഫലസ്തീന്‍ ജനതക്കെതിരായ വംശഹത്യയിലും വര്‍ണവിവേചനത്തിലും ഉള്‍പ്പെട്ട ഇസ്രായേലി ചലച്ചിത്ര സ്ഥാപനങ്ങളുമായും കമ്പനികളുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കില്ലെന്ന് 1,300ല്‍ അധികം ചലച്ചിത്ര സംവിധായകരും താരങ്ങളും പ്രതിജ്ഞയെടുത്തു. ഓസ്‌കാര്‍, ബാഫ്റ്റ, എമ്മി, കാന്‍ തുടങ്ങിയ അവാര്‍ഡ് ജേതാക്കളും ഇവരില്‍ ഉള്‍പ്പെടുന്നു.
വംശഹത്യയെയും വര്‍ണവിവേചനത്തെയും വെള്ളപൂശുകയോ ന്യായീകരിക്കുകയോ ചെയ്യുന്നതോ അവ ചെയ്യുന്നതിന് സര്‍ക്കാരുമായി പങ്കാളിത്തം സ്ഥാപിക്കുകയോ ചെയ്യില്ലെന്നും പ്രസ്താവനയില്‍ പറയുന്നു. ചലച്ചിത്ര സംവിധായകര്‍, അഭിനേതാക്കള്‍, ചലച്ചിത്ര വ്യവസായ പ്രവര്‍ത്തകര്‍, സ്ഥാപനങ്ങള്‍ എന്നീ നിലകളില്‍ ധാരണകളെ രൂപപ്പെടുത്താനുള്ള സിനിമയുടെ ശക്തി തങ്ങള്‍ തിരിച്ചറിയുന്നു. ഗസ്സയിലെ കൂട്ടക്കൊലയ്ക്ക് പല സര്‍ക്കാരുകളും വഴിയൊരുക്കുന്ന ഈ അടിയന്തര പ്രതിസന്ധി ഘട്ടത്തില്‍ നിരന്തരമായ ഭീകരത ഇല്ലാതാക്കാന്‍ കഴിയുന്നതെല്ലാം ചെയ്യുമന്ന് സിനിമാ പ്രവര്‍ത്തകര്‍ പറഞ്ഞു.
ലോകത്തിലെ പരമോന്നത കോടതിയായ അന്താരാഷ്ട്ര നീതിന്യായ കോടതി ഗസ്സയില്‍ വംശഹത്യയ്ക്ക് സാധ്യതയുണ്ടെന്നും ഫലസ്തീനികള്‍ക്കെതിരായ ഇസ്രായേലിന്റെ അധിനിവേശവും വര്‍ണ്ണവിവേചനവും നിയമവിരുദ്ധമാണെന്നും വിധിച്ചത് പ്രസ്താവനയില്‍ പ്രതിബാധിച്ചിട്ടുണ്ട്.
എല്ലാ ആളുകളുകളുടെയും തുല്യത, നീതി, സ്വാതന്ത്ര്യം എന്നിവയ്ക്കായി നിലകൊള്ളുക എന്നത് നമുക്കാര്‍ക്കും അവഗണിക്കാന്‍ കഴിയാത്ത ധാര്‍മിക കടമയാണ്. ഫലസ്തീന്‍ ജനതയ്ക്ക് സംഭവിച്ച ദ്രോഹത്തിനെതിരെ നമ്മള്‍ ഇപ്പോള്‍ സംസാരിക്കണം. അന്താരാഷ്ട്ര ചലച്ചിത്ര വ്യവസായം നിശബ്ദത, വംശീയത, മനുഷ്യത്വരഹിതവല്‍ക്കരണം എന്നിവ നിരസിക്കണമെന്നും അവരുടെ അടിച്ചമര്‍ത്തലുകളില്‍ പങ്കാളികളാകുന്നത് അവസാനിപ്പിക്കാന്‍ മാനുഷികമായി സാധ്യമായതെല്ലാം ചെയ്യണമെന്നും ആഹ്വാനം ചെയ്ത ഫലസ്തീന്‍ ചലച്ചിത്ര പ്രവര്‍ത്തകരുടെ ആഹ്വാനത്തിന് ഞങ്ങള്‍ ഉത്തരം നല്‍കുന്നു എന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. ഒലിവിയ കോള്‍മാന്‍, ജാവിയര്‍ ബാര്‍ഡെം, ഐമി ലൂ വുഡ്, സൂസന്‍ സരണ്ടന്‍, മാര്‍ക്ക് റുഫാലോ, റിസ് അഹമ്മദ്, ടില്‍ഡ സ്വിന്റണ്‍, ജൂലിയ സവാല, മിറിയം മാര്‍ഗോളിസ്, കെന്‍ ലോച്ച്, ജൂലിയറ്റ് സ്റ്റീവന്‍സണ്‍ എന്നിവരുള്‍പ്പെടെ 3,000-ത്തിലധികം പേര്‍ ചൊവ്വാഴ്ച ഉച്ചയോടെ ഒപ്പിട്ടു.
….





