ദോഹ: ഹമാസിന്റെ ഉന്നത നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രയേൽ ദോഹയിൽ നടത്തിയ ആക്രമണത്തിനു പിന്നാലെ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഖത്തറിൽ. യുഎഇ സ്റ്റേറ്റ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഖത്തറിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് യുഎഇ പ്രസിഡന്റിന്റെ സന്ദർശനം. സ്ഫോടന പരമ്പര നടന്ന് 24 മണിക്കൂറിനകം ആണ് അദ്ദേഹം ഖത്തറിൽ എത്തിയത്.
ജോർദാന്റെ കിരീടാവകാശി ഹുസൈൻ ഇന്ന് ഖത്തറിൽ എത്തുമെന്നാണ് വിവരം. സൗദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ വ്യാഴാഴ്ച ദോഹയിൽ എത്തുമെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. മുൻകൂട്ടി നിശ്ചയിച്ചതു പ്രകാരമല്ലെന്നും അടിയന്തര സന്ദർശനത്തിന്റെ ഭാഗമായാണ് വിവിധ നേതാക്കൾ ഖത്തറിലേക്ക് എത്തുന്നത് എന്നുമാണ് റിപ്പോർട്ട്.
ഇസ്രയേല്‍ ദോഹയിൽ നടത്തിയ ആക്രമണത്തെ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ശക്തമായി അപലപിച്ചിരുന്നു. ഖത്തറിന്റെ പരമാധികാരം, സുരക്ഷ, അഖണ്ഡത, ജനങ്ങളുടെ സുരക്ഷ എന്നിവ സംരക്ഷിക്കാൻ ഖത്തർ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും യുഎഇയുടെ ഉറച്ച പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ ആക്രമണം ഖത്തറിന്റെ പരമാധികാരത്തിന്റെ ലംഘനമാണെന്നും എല്ലാ രാജ്യാന്തര നിയമങ്ങൾക്കും ചട്ടങ്ങൾക്കും എതിരാണെന്നും യുഎഇ പ്രസിഡന്റ് പറഞ്ഞിരുന്നു.