രാജ്യവ്യാപക എസ്.ഐ.ആറിന് തെരഞ്ഞെടുപ്പ് കമീഷൻ; ഒക്ടോബറിനുള്ളിൽ ഒരുക്കങ്ങൾ പൂർത്തിയാക്കാൻ നിർദേശം

0
13

ന്യൂഡൽഹി: രാജ്യവ്യാപകമായി വോട്ടർപട്ടികകളുടെ തീവ്രപരിഷ്‍കരണത്തിനൊരുങ്ങി തെരഞ്ഞെടുപ്പ് കമീഷൻ. ബിഹാറിലെ തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാകുന്നതിന് മുമ്പ് ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടാകും. ഒക്ടോബറിനുള്ളിൽ ഇതിന്റെ ഒരുക്കങ്ങൾ പുർത്തിയാക്കാൻ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ഒക്ടോബറിൽ രാജ്യവ്യാപക എസ്.ഐ.ആറിന് തുടക്കം കുറിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർമാരോട് എസ്.ഐ.ആറിനുള്ള മുന്നൊരുക്കങ്ങൾ എപ്പോൾ പൂർത്തിയാക്കാനാകുമെന്ന് ദേശീയ തെരഞ്ഞെടുപ്പ് കമീഷണർ ചോദിച്ചു. സെപ്തംബറിനുള്ളിൽ ഇതിന്റെ നടപടികൾ പൂർത്തിയാക്കാനാകുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർമാർ ​നിലപാട് അറിയിച്ചു. ഇന്ന് നടന്ന യോഗത്തിലാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർമാർ നിലപാട് അറിയിച്ചത്. മൂന്നര മണിക്കൂർ ​സമയമാണ് ഇന്നത്തെ യോഗം നീണ്ടു നിന്നത്.

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർമാരോട് എസ്.ഐ.ആറിൽ അംഗീകരിക്കുന്ന രേഖകൾ തയാറാക്കാനും ദേശീയ തെരഞ്ഞെടുപ്പ് കമീഷൻ നിർദേശം നൽകി. പ്രാദേശികമായുള്ള വിവിധ സർട്ടിഫിക്കറ്റുകൾ വെരിഫിക്കേഷനായി സമർപ്പിക്കാമെന്നാണ് വിവരം.

ഉദാഹരണമായി ആദിവാസി മേഖല, വടക്കു-കിഴക്കൻ മേഖല, തീരദേശ മേഖല എന്നിവിടങ്ങളിൽ സ്വതന്ത്ര ഭരണസമിതികൾ നൽകുന്ന സർട്ടിഫിക്കറ്റുകൾ ഐഡന്റിറ്റി, റസിഡൻസ് എന്നിവ തെളിയിക്കുന്നതിനുള്ള രേഖകളായി ഉപയോഗിക്കാം. രാജ്യവ്യാപക എസ്.ഐ.ആറിനായി മൂന്നാമത്തെ യോഗമാണ് തെരഞ്ഞെടുപ്പ് കമീഷന്റെ നേതൃത്വത്തിൽ ചേരുന്നത്. ഫെബ്രുവരിയിലും സമാനമായ രീതിയിൽ തെരഞ്ഞെടുപ്പ് കമീഷൻ യോഗം ചേർന്നിരുന്നു. 2026ൽ നടക്കുന്ന അസം, കേരള, പുതുച്ചേരി, തമിഴ്നാട്, പശ്ചിമബംഗാൾ തെരഞ്ഞെടുപ്പുകൾ ലക്ഷ്യമിട്ടാണ് തെരഞ്ഞെടുപ്പ് കമീഷൻ വോട്ടർപട്ടികയുടെ തീവ്രപരിഷ്‍കരണത്തിന് ഒരുങ്ങുന്നത്.