മരത്തില്‍ കുടുങ്ങിയ കാക്കയെ രക്ഷിക്കാന്‍ ഫ്‌ളൈറ്റ് പിടിച്ച് കൊച്ചിയിലെത്തി

0
14

കൊച്ചി: മരത്തില്‍ കുടുങ്ങിയ കാക്കയെ രക്ഷിക്കാന്‍ ബെംഗളൂരുവില്‍ നിന്ന് ഫ്‌ളൈറ്റ് പിടിച്ചെത്തി ജീവകാരുണ്യ പ്രവര്‍ത്തകന്‍. പെരുമ്പടപ്പ് കുമ്പളങ്ങിയില്‍ പെരുമ്പടപ്പ് എസ്എന്‍ റോഡിനു സമീപത്തെ മരത്തിലാണ് കാക്ക കുടുങ്ങിയത്.

മുപ്പതടി ഉയരത്തിലുള്ള വൃക്ഷത്തില്‍ പട്ടത്തിന്റെ നൈലോണ്‍ ചരടില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു കാക്ക. നാട്ടുകാര്‍ ശ്രമിച്ചിട്ടും രക്ഷിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് ജീവകാരുണ്യ പ്രവര്‍ത്തകനായ മുകേഷ് ജൈനെ വിവരം അറിയിച്ചത്. നാട്ടുകാര്‍ വിളിക്കുമ്പോള്‍ ബെംഗളൂരുവിലായിരുന്ന മുകേഷ് ജൈന്‍ ഉടന്‍ തന്നെ അടുത്ത ഫ്‌ളൈറ്റില്‍ കൊച്ചിയിലെത്തി. രണ്ടര മണിക്കൂര്‍ കൊണ്ട് കൊച്ചിയിലെത്താനായതിനാല്‍ കാക്കയുടെ ജീവന്‍ രക്ഷിക്കാനായി.

പറവകളെ രക്ഷിക്കാനായുള്ള ഉപകരണവും സഹപ്രവര്‍ത്തകരായ എം.എം.സലിം ,വി എ.അന്‍സാര്‍ എന്നിവരുമായാണ് മുകേഷ് ജൈന്‍ സ്ഥലത്തെത്തിയത്. കാക്ക കുടുങ്ങിക്കിടക്കുന്ന വിവരം അറിയിച്ച എം.എസ്.രാജേഷ് കുമാര്‍. കെ.കെ.സത്യപാലന്‍ എന്നിവരും സഹായത്തിനുണ്ടായിരുന്നു. ഇത് രണ്ടാം തവണയാണ് മുകേഷ് ജൈന്‍ ഫ്‌ളൈറ്റിലെത്തി പറവകളെ രക്ഷിക്കുന്നത്.

2007 മുതലാണ് മുകേഷ് പറവകളെ രക്ഷിക്കുന്ന പ്രവര്‍ത്തനം തുടങ്ങിയത്. ഇതിനകം ആറായിരത്തോളം വിവിധ പറവകളെ രക്ഷിച്ചിട്ടുണ്ട്. പട്ടം പറത്തുമ്പോള്‍ നൈലോണ്‍ നൂലിനു പകരം കോട്ടണ്‍ നൂല് ഉപയോഗിക്കണമെന്ന് മുകേഷ് പറഞ്ഞു. നൈലോണ്‍ നൂലുകള്‍ ദ്രവിക്കില്ല. മരത്തില്‍ കുടുങ്ങിക്കിടക്കുന്ന പട്ടത്തിന്റെ നൂലുകള്‍ പറവകള്‍ക്ക് അപകടമാണെന്നും അദ്ദേഹം പറഞ്ഞു.