രോഗികളുമായി പോകുമ്പോൾ MDMA വാങ്ങും, നാട്ടിലെത്തിച്ച് വിൽപ്പന; ആംബുലൻസ് ഡ്രൈവർ അറസ്റ്റിൽ

0
11

തളിപ്പറമ്പ്: രോഗികളുമായി കർണാടകത്തിലെ ആസ്പത്രികളിലേക്ക് പോകുമ്പോൾ എംഡിഎംഎ വാങ്ങി നാട്ടിലെത്തിച്ച് വിൽക്കുന്ന ആംബുലൻസ് ഡ്രൈവറെ എക്സൈസ് അറസ്റ്റുചെയ്തു. കായക്കൂൽ പുതിയപുരയിൽ വീട്ടിൽ കെ.പി.മുസ്തഫ (37) യാണ് 430 മില്ലിഗ്രാം എംഡിഎംഎയുമായി എക്സൈസിന്റെ പിടിയിലായത്. തളിപ്പറമ്പ് ടൗൺ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് കണ്ടിവാതുക്കലിൽനിന്ന്‌ ഇയാളെ പിടിച്ചത്.

കർണാടകത്തിൽനിന്ന് വാങ്ങുന്ന എംഡിഎംഎ ആവശ്യക്കാർക്ക് കൈയിൽ കൊടുക്കാതെ നിശ്ചിതസ്ഥലത്ത് വെച്ചശേഷം ഫോട്ടോയെടുത്ത് ആവശ്യക്കാർക്ക് ലൊക്കേഷൻ സഹിതം അയച്ചുകൊടുക്കുകയാണ് പതിവെന്ന് എക്സൈസ് പറഞ്ഞു.

മയക്കുമരുന്ന് വില്പനയെക്കുറിച്ച് വിവരം ലഭിച്ചതിനെത്തുടർന്ന് മുസ്തഫയെ മാസങ്ങളായി എക്സൈസ് ഉദ്യോഗസ്ഥർ നിരീക്ഷിച്ചുവരികയായിരുന്നു. തളിപ്പറമ്പ് റേഞ്ച് അസി. എക്സൈസ് ഇൻസ്പെക്ടർ പി.കെ.രാജീവന്റെ നേതൃത്വത്തിൽ അസി. എക്സൈസ് ഇൻസ്പെക്ടർ കെ.രാജേഷ്, പി.പി.മനോഹരൻ, എക്സൈസ് പ്രിവന്റീവ് ഓഫീസർ കെ.മുഹമ്മദ് ഹാരിസ്, സിവിൽ എക്സൈസ് ഓഫീസർമാരായ ടി.വി.വിജിത്ത്, കലേഷ്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ പ്രകാശൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. മുസ്തഫയെ സ്റ്റേഷൻജാമ്യത്തിൽ വിട്ടയച്ചു.

ആംബുലൻസ് ഓണേഴ്സ് ആൻഡ് ഡ്രൈവേഴ്സ് അസോസിയേഷനിൽ നിന്ന് മുസ്തഫയെ പുറത്താക്കിയതായി ജില്ലാ സെക്രട്ടറി റംസി പാപ്പിനിശ്ശേരി പറഞ്ഞു. ആരോപണം വന്നപ്പോൾത്തന്നെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തിരുന്നു.