കൊൽക്കത്ത: ബർത്ത്ഡേ പാർട്ടിക്കിടെ 20 വയസ്സുകാരിയെ സുഹൃത്തുക്കൾ ചേർന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി. കൊൽക്കത്തയിലെ റീജന്റ് പാർക്ക് ഏരിയയിൽ വെള്ളിയാഴ്ചയാണ് സംഭവം. സംഭവത്തിനു ശേഷം ഒളിവിൽപോയ പ്രതികളായ ചന്ദൻ മാലിക്, ദീപ് എന്നിവർക്കായി പൊലീസ് തിരച്ചിൽ നടത്തുകയാണ്. ദീപ് സർക്കാർ ഉദ്യോഗസ്ഥനാണെന്നും പൊലീസ് പറഞ്ഞു. ഹരിദേവ്‌പുർ സ്വദേശിനിയായ യുവതിയാണു പീഡനത്തിനിരയായത്.
വെള്ളിയാഴ്ച യുവതിയുടെ ജന്മദിനമായിരുന്നു. ഇതിന്റെ ആഘോഷത്തിനായി ചന്ദൻ, യുവതിയുമായി ദീപിന്റെ ഫ്ലാറ്റിലേക്കു പോയി. ഭക്ഷണത്തിനുശേഷം മടങ്ങാനൊരുങ്ങിയ യുവതിയെ ഇരുവരും ചേർന്നു തടയുകയും മുറിക്കുള്ളിൽ പൂട്ടിയിട്ട് ബലാത്സംഗത്തിനിരയാക്കുകയുമായിരുന്നു. ശനിയാഴ്ച രാവിലെ പത്തരയോടെ യുവതി ഫ്ലാറ്റിൽനിന്നു രക്ഷപ്പെട്ടു. ഇതിനുശേഷം വീട്ടിലെത്തിയ യുവതി, വിവരം വീട്ടിൽ അറിയിക്കുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു.
