80,000 തൊടാന്‍ സ്വര്‍ണം; ഇന്നും റെക്കോര്‍‍ഡ്

0
15

സംസ്ഥാനത്ത് സ്വര്‍ണവില 80,000 ത്തോട് അടുക്കുന്നു. ഓരോ ദിവസവും പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചാണ് സ്വര്‍ണവിലയുടെ കുതിപ്പ്. ഈ രീതിയില്‍  തുടര്‍ന്നാല്‍ വരും ദിവസങ്ങളില്‍ തന്നെ ചരിത്രത്തില്‍ ആദ്യമായി സ്വര്‍ണവില 80,000 കടക്കും. ഇതോടെ പണിക്കൂലിയടക്കം ഒരു പവന്‍ സ്വര്‍ണാഭരണത്തിന് കുറഞ്ഞത് 82,400 രൂപയെങ്കിലും നല്‍കേണ്ടി വരും.

ഇന്നലത്തെ കുതിപ്പ്  ഇന്നും തുടരുകയാണ്. ഇന്ന് പവന് 640 രൂപ കൂടി 79,560 രൂപയിലാണ് വ്യാപാരം. അതായത് 80,000 എത്താൻ ഇനിവേണ്ടത്  വെറും 440 രൂപ മാത്രം. ഗ്രാമിന് 80 രൂപ വര്‍ധിച്ച് 9945 രൂപയിലാണ് വ്യാപാരം. ഈ മാസത്തില്‍ ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. അതിലുപരി സർവകാല റെക്കോർഡുമാണ്. സെപ്റ്റംബര്‍ മൂന്ന് മുതല്‍ 78,000 ത്തിന് മുകളില്‍ തുടരുകയായിരുന്ന ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില ഇന്നാണ് 79,000 കടന്നത്. ചരിത്രത്തിൽ ആദ്യമായാണ് പവന് 79,000 രൂപ കടക്കുന്നത്.

തിരുവോണ ദിനമായ ഇന്നലെ പവന് 560 രൂപ വര്‍ധിച്ച് 78920 രൂപയിലാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില 70 രൂപ വര്‍ധിച്ച് 9865 രൂപയിലെത്തുകയും ചെയ്തിരുന്നു. സെപ്തംബര്‍ ഒന്നിന് 77,640 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില. ഇതാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. പിന്നീട് മൂന്നാം തിയ്യതി വരെ തുടര്‍ച്ചയായി ഉയര്‍ന്ന സ്വര്‍ണവിലയില്‍ ഉത്രാട ദിനത്തില്‍ നേരിയ ഇടിവ് രേഖപ്പെടുത്തിയിരുന്നെങ്കിലും തിരുവോണത്തിന് വില വീണ്ടും ഉയര്‍ന്നു.

ആഗോളതലത്തില്‍ സ്വര്‍ണവില വര്‍ധിക്കാന്‍ പല കാരണങ്ങളുണ്ട്. ഫെഡറൽ റിസർവ് പലിശ നിരക്കും ട്രംപിനുകീഴില്‍ അമേരിക്കയിലുണ്ടായ സാമ്പത്തിക അനിശ്ചിതത്വങ്ങളും അതിന്‍റെ ആഗോള പ്രതിഫലനവും സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിന്‍റെ ഡിമാന്‍ഡ് വര്‍ധിപ്പിക്കുന്നുണ്ട്. വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകളും നിക്ഷേപകരും ഡോളറിൽ നിന്ന് സ്വർണത്തിലേക്ക് നിക്ഷേപം മാറ്റുന്നതാണ് മറ്റൊരു കാരണം. അതേസമയം, ട്രംപ്- സെലെന്‍സ്‌കി കൂടിക്കാഴ്ചയോട് വിപണി വലിയ രീതിയില്‍ പ്രതികരിച്ചിട്ടില്ല. ഉയർന്ന ആഭ്യന്തര ഡിമാൻഡാണ് ഇന്ത്യന്‍ വിപണിയിലെ വില കൂടാനുള്ള കാരണങ്ങളിലൊന്ന്. ഉത്സവ സീസണും മറ്റാവശ്യങ്ങള്‍ക്കുമായി സ്വർണത്തിന് വന്‍ ഡിമാൻഡാണ്.