തിരുവനന്തപുരം: ഓണക്കാലം എല്ലാവർക്കും സന്തോഷത്തിൻ്റെയും ആഘോഷങ്ങളുടേയും നാളുകളാണ്. എന്നാൽ ആഘോഷങ്ങളുടെ, ആർപ്പുവിളികളുടെ ഓണക്കാലത്തും കണ്ണീരുണങ്ങാത്ത ചിലരും നമുക്ക് ചുറ്റുമുണ്ട്. അവരിൽ ഒരാളാണ് കരമന നെടുങ്കാട് സ്വദേശിനി പ്രഭാവതിയമ്മ.
ഫോർട്ട് സ്റ്റേഷനിൽ പൊലീസ് ഉരുട്ടിക്കൊന്ന ഉദയകുമാറിൻ്റെ അമ്മ . ഇരുപത് കൊല്ലം മുമ്പൊരു ഓണക്കാലത്ത് ഇടനെഞ്ച് പൊട്ടി നിലവിളിച്ച ആ അമ്മ ഇപ്പോഴുംതൻ്റെ മകനെ ഓർത്ത് കരയുകയാണ്. ഈ അമ്മ മകൻ്റെ വേർപാടിനെ മറികടന്നിട്ടില്ല.
2005 സെപ്റ്റംബർ 27നാണ് ശ്രീകണ്ഠേശ്വരം പാർക്കിൽ നിന്ന് ഉദയകുമാറിനെയും സുഹൃത്തിനെയും ഫോർട്ട് പൊലീസ് പിടികൂടുന്നത്. ഉദയകുമാറിൻ്റെ കയ്യിലുണ്ടായിരുന്ന 4000 രൂപയുടെ പേരിലായിരുന്നു പൊലീസ് അതിക്രൂരമായി പീഡിപ്പിച്ചത്. ആക്രമണത്തെ തുടർന്ന് ഇരുമ്പ് പൈപ്പ് കൊണ്ടുള്ള ഉരുട്ടലിൽ തുടയെല്ലും രക്തധമനികളും പൊട്ടി. കൊലപാതകം ഒതുക്കാൻ പൊലീസ് ഉദയകുമാറിനെ കള്ളനാക്കി. കള്ളക്കേസെടുത്തു, വ്യാജരേഖകളും വ്യാജ സാക്ഷികളെയും സൃഷ്ടിച്ചു.
ഉദയകുമാറിൻ്റെ മരണത്തിൽ സിബിഐയുടെ അന്വേഷണത്തിനും വിചാരണയ്ക്കും പിന്നാലെ 2018 ജൂലൈയിൽ അഞ്ച് പൊലീസുകാർ കുറ്റക്കാരാണെന്ന് കണ്ടെത്തി. ഒന്നും രണ്ടും പ്രതികളായ കെ. ജിതകുമാറിനും എസ്. വി. ശ്രീകുമാറിനും കോടതി വധശിക്ഷ വിധിച്ചു. എന്നാൽ ഇക്കഴിഞ്ഞ ആഗസ്റ്റ് 27ന് ഹൈക്കോടതി പ്രതികളെ വെറുതെവിട്ടു. ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്യാനാണ് പ്രഭാവതി അമ്മയുടെ തീരുമാനം. മകൻ്റെ പേരിൽ ലഭിച്ച വീട് വിറ്റാണെങ്കിലും പോരാട്ടം നടത്തുമെന്നും പ്രഭാവതി അമ്മ പറഞ്ഞു.