തിരുവനന്തപുരം: മലബാര്‍ കലാപത്തില്‍ ഹിന്ദുക്കള്‍ ആക്രമിക്കപ്പെടുകയാണുണ്ടായതെന്നും അത് സ്വാതന്ത്ര്യസമരമാക്കാനാണ് ചിലർ ശ്രമിക്കുന്നതെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ലോകത്ത് ശാശ്വതമായ സമാധാനമുണ്ടാകാന്‍ ഗുരുദര്‍ശനം മാത്രമാണ് ഒറ്റമൂലിയെന്നും വെള്ളാപ്പള്ളി പറഞ്ഞു.
എസ്എന്‍ഡിപി യോഗം പെരിങ്ങമല ശാഖ നിര്‍മിച്ച ശ്രീനാരായണീയം കണ്‍വന്‍ഷന്‍ സെന്ററിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഉദ്ഘാടനപ്രസംഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ വേദി വിട്ടതിനു ശേഷമായിരുന്നു വെള്ളാപ്പള്ളിയുടെ പരാമര്‍ശം. വര്‍ഗീയവിഷം ചീറ്റാന്‍ ഗുരുദര്‍ശനങ്ങളെ തന്നെ ദുരുപയോഗിക്കുകയാണെന്നു മുഖ്യമന്ത്രി പറഞ്ഞിരുന്നു.
വെള്ളാപ്പള്ളിയുടെ വാക്കുകള്‍: ‘‘തന്നെപ്പോലെ അയല്‍ക്കാരനെയും സ്‌നേഹിക്കണമെന്ന് പറഞ്ഞവരുടെ അനുയായികള്‍ ഇപ്പോള്‍ അങ്ങനെ ചെയ്യുന്നുണ്ടോ. പ്രവാചകന്‍ പറഞ്ഞത് അദ്ദേഹത്തിന്റെ അനുയായികള്‍ അനുസരിക്കാറുണ്ടോ. കിട്ടിയത് അവര്‍ മാത്രമെടുക്കുന്നതാണ് രീതി.
ദര്‍ശനങ്ങളെല്ലാം നല്ലതാണെങ്കിലും അത് പ്രായോഗികതലത്തില്‍ വരുമ്പോള്‍ ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി മാറുന്നു. എല്ലാ ദര്‍ശനങ്ങളും ഒന്നാണെന്നാണ് ശ്രീനാരായണഗുരു പറഞ്ഞു. ആലുവയില്‍ സര്‍വമതസൗഹാര്‍ദ സമ്മേളനം ഗുരു നടത്തി. എല്ലാ മതസാരവും ഒന്നാണെന്ന സന്ദേശം നല്‍കാനായിരുന്നു അത്. എല്ലാവരും സംസാരിച്ച ശേഷം ഗുരു ‘എല്ലാമതസാരംം ഒന്ന്’ ഒരു വാക്യം മാത്രമേ എഴുതിക്കൊടുത്തുള്ളു. സര്‍വമത സമ്മേളനം നടത്താന്‍ വ്യക്തമായ കാരണമുണ്ട്. മാപ്പിളലഹളയാണ് കാരണം.
മുസ്‌ലിം സമുദായം ലഹള നടത്തി ഹിന്ദുക്കളെ മാനഭംഗപ്പെടുത്തുകയും മതപരിവര്‍ത്തനം ചെയ്യുകയും ചെയ്ത മഹത്തായ ദുരിതമായിരുന്നു അത്. അത് കേട്ടറിഞ്ഞ ഗുരുദേവന്‍ എന്താണ് ആ ദുഖം എന്നറിയാന്‍ കുമാരനാശാനെ അവിടേക്ക് അയച്ചു. കുമാരനാശാന്‍ അവിടെ പോയി എല്ലാം കണ്ട് തിരിച്ചെത്തി സത്യങ്ങള്‍ എല്ലാം ഗുരുവിനോട് പറഞ്ഞു. അതില്‍ ഗുരുവിനുണ്ടായ ദുഃഖമാണ് സര്‍വതമത സമ്മേളനം വിളിച്ചുകൂട്ടാനുണ്ടായ പ്രേരകശക്തി.
കുമാരനാശാന്‍ അതുമായി ബന്ധപ്പെട്ട കാവ്യം എഴുതുകയും ചെയ്തു. അതിനെ സ്വാതന്ത്ര്യസമരമാക്കാനാണ് പലരും ശ്രമിക്കുന്നത്. ചരിത്രം പോലും മാറ്റി മറിക്കുകയാണ്. ഗുരുദര്‍ശനങ്ങള്‍ നമ്മള്‍ മാത്രം ഉള്‍ക്കൊള്ളുകയും മറ്റാരും അതിനു തയാറാകാതെയിരിക്കുന്ന ദുരവസ്ഥയാണ് ഇപ്പോഴുള്ളത്. ലോകത്ത് ശാശ്വതമായ സമാധാനമുണ്ടാകാന്‍ ഗുരുദര്‍ശനം മാത്രമാണ് ഒറ്റമൂലി’’ – വെള്ളാപ്പള്ളി പറഞ്ഞു.