കുന്നംകുളം: പൊലീസ് തന്റെ മേൽ നടത്തിയ കിരാത മർദനത്തിന്റെ ദൃശ്യം പുറത്തുകൊണ്ടുവരാൻ യൂത്ത് കോൺഗ്രസ് കുന്നംകുളം ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് സുജിത് നടത്തിയത് വലിയ നിയമപ്പോരാട്ടം.
ചിലർ പൊതുസ്ഥലത്തു മദ്യപിക്കുന്നതായ പരാതിയെത്തുടർന്നു കാണിപ്പയ്യൂരിലെത്തിയ പൊലീസ് 3 യുവാക്കളെ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചത് അടുത്ത വീട്ടിൽ താമസിക്കുന്ന സുജിത്ത് തടഞ്ഞു. ഇതോടെ സുജിത്തിനെ കസ്റ്റഡിയിലെടുത്തു ക്രൂരമായി മർദിക്കുകയായിരുന്നു. അതിക്രൂര മർദനത്തിന്റെ ദൃശ്യങ്ങൾ രണ്ടര വർഷത്തിനുശേഷം വിവരാവകാശ നിയമപോരാട്ടത്തിലൂടെയാണ് പുറത്തുവന്നത്.
വിവരാവകാശനിയമപ്രകാരം പൊലീസ് സ്റ്റേഷൻ ദൃശ്യങ്ങൾ പുറത്തുവരുന്നത് അപൂർവമായാണ്. ദൃശ്യങ്ങൾ ആവശ്യപ്പെട്ട് സുജിത്ത് നൽകിയ വിവരാവകാശ അപേക്ഷ പൊലീസ് ആദ്യം തള്ളി. എന്നാൽ, അപ്പീലിൽ സംസ്ഥാന വിവരാവകാശ കമ്മിഷൻ അനുകൂല നിലപാടെടുത്തു. എന്നിട്ടും പൊലീസ് ദൃശ്യങ്ങൾ നൽകാതിരുന്നതോടെ ഇരുകക്ഷികളെയും കമ്മിഷൻ നേരിട്ടു വിളിച്ചുവരുത്തി. സുജിത്തിനു ദൃശ്യങ്ങൾ കൈമാറാൻ പൊലീസിനു കർശന നിർദേശം നൽകി.
അവസാനം വിവരാവകാശ നിയമപ്രകാരം ജില്ലാ പൊലീസ് സൂപ്രണ്ട് ഓഫിസിൽ നിന്നാണ് മർദന ദൃശ്യങ്ങൾ അടങ്ങിയ പെൻഡ്രൈവ് ലഭിച്ചത്. ‘ടെലികമ്യൂണിക്കേഷൻ വിഭാഗം സൈബർ സെല്ലിന് വിഡിയോ കൈമാറുന്ന സമയം ഹാഷ് വാല്യു നൽകിയിട്ടില്ലാത്തതിനാൽ വിഡിയോ ഫയലുകളിൽ എന്തെങ്കിലും മാറ്റം വന്നിട്ടുണ്ടോ എന്ന് ആധികാരികമായി സ്ഥിരീകരിക്കാൻ കഴിയാത്ത ദൃശ്യങ്ങളാണ് നൽകുന്നത്’ എന്ന് പെൻഡ്രൈവിനൊപ്പം നൽകിയ മറുപടിയിലുണ്ട്.
ആദ്യം പുറത്തു വന്ന വകുപ്പുതല അന്വേഷണ റിപ്പോർട്ടിൽ മർദനം സിസിടിവി ദൃശ്യങ്ങളിൽ ഉണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്. തുടർന്ന് വിവരാവകാശ നിയമപ്രകാരം ദൃശ്യങ്ങൾക്ക് വേണ്ടി അപേക്ഷ നൽകിയെങ്കിലും കെട്ടിട നിർമാണം നടക്കുന്നതു കാരണം സിസിടിവി പ്രവർത്തിക്കുന്നില്ലെന്നായിരുന്നു പൊലീസിന്റെ നിലപാട്. പിന്നീട് പൊലീസ് സ്റ്റേഷനുകളിലെ ഇത്തരം ദൃശ്യങ്ങൾ ലഭ്യമല്ലെന്നും അറിയിച്ചു. എന്നാൽ, വിവരാവകാശ കമ്മിഷൻ ദൃശ്യങ്ങൾ കൈമാറാൻ ഉത്തരവിടുകയായിരുന്നു.