‘ലാത്തികൊണ്ട് അടി, തല്ലിച്ചതച്ചതിനുശേഷം നിവർന്നു നിന്ന് ചാടാൻ പറഞ്ഞു, വെള്ളം പോലും തന്നില്ല; ഒത്തുതീർപ്പ് വാഗ്ദാനം 20 ലക്ഷം’

0
243

കോട്ടയം: കസ്റ്റഡി മർദനവുമായി ബന്ധപ്പെട്ട കേസ് ഒത്തുതീർപ്പാക്കാൻ തനിക്ക് 20 ലക്ഷം രൂപ രൂപ പൊലീസ് ഉദ്യോഗസ്ഥർ വാഗ്ദാനം ചെയ്തതായി യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് സുജിത്. ആദ്യം 10 ലക്ഷമായിരുന്നു വാഗ്ദാനം. പിന്നീട് ഇത് 20 ലക്ഷമായി. അതിൽ കൂടുതൽ ചോദിച്ചാലും അവർ നൽകാൻ തയാറായിരുന്നു.

എന്നാൽ നിയമപരമായി മുന്നോട്ടുപോകുമെന്നതിൽ ഉറച്ചുനിന്നു. മർദിച്ച പൊലീസുകാരല്ല, വേറെ ഉദ്യോഗസ്ഥരാണു സമീപിച്ചത്. ഇവർ കോൺ‌ഗ്രസ് കുന്നംകുളം ബ്ലോക്ക് വൈസ് പ്രസിഡന്റുമായും ഒത്തുതീർപ്പിനുള്ള ശ്രമം നടത്തി. ചുമരിനോടു ചേർത്തിരുത്തി കാൽ നീട്ടിവയ്പ്പിച്ചാണു കാലിനടിയിൽ ലാത്തികൊണ്ടു തല്ലിയത്. തല്ലിയതിനു ശേഷം നിവർന്നുനിന്ന് ചാടാൻ പറഞ്ഞു. ഇങ്ങനെ പതിനഞ്ച് തവണയെങ്കിലും ചെയ്യിപ്പിച്ചു. വെള്ളം കുടിക്കാൻ ചോദിച്ചെങ്കിലും തന്നില്ല. ചെവിക്ക് ഇപ്പോഴും ബുദ്ധിമുട്ടുണ്ട്. തുടർ ചികിത്സ വേണമെന്നും സുജിത്ത് ഓൺലൈനോടു പറഞ്ഞു.

സിസിടിവിയില്ലാത്ത ഭാഗത്തുവച്ചും എനിക്കു മർദനം ഏറ്റിരുന്നു. അഞ്ചു പൊലീസുകാര്‍ ചേര്‍ന്നു കൂട്ടമായി മര്‍ദിച്ചു. അതൊന്നും പോരാതെയാണു രണ്ടര വര്‍ഷത്തിനുള്ളില്‍ മാനസികമായും അല്ലാതെയും ഒരുപാട് ഉപദ്രവിച്ചിത്. സഹിക്കാന്‍ പറ്റാവുന്നതിനും മേലെയായിരുന്നു പീഡനം. ആദ്യത്തെ അടിയില്‍ തന്നെ ബോധം പോകുന്നതു പോലെയായി. വാഹനത്തിനകത്ത് കയറ്റുമ്പോള്‍ തന്നെ ഷര്‍ട്ട് വലിച്ചു കീറി. ഇതിനു ശേഷമാണു മർദിച്ചത്. സ്‌റ്റേഷനിലേക്ക് എത്തുന്നതിനു മുന്നെയും തല്ലി. ചെവിയിലാണ് ആദ്യത്തെ അടി കിട്ടത്. ആ അടിയിലാണ് കര്‍ണപുടം പൊട്ടിയത്. അത് പിന്നീട് കേൾവി പ്രശ്നമായി മാറി.

∙ അടിക്കുമ്പോൾ പൊലീസുകാർ എന്താണ് പറഞ്ഞത്?

നിലത്തിരുത്തി കാലിന് അടിയില്‍ ലാത്തി കൊണ്ട് അടിച്ചു. അവിടെ മാത്രം 45 തവണയാണ് അടിച്ചത്. ശശിധരന്‍, ഷുഹൈര്‍ എന്നിവര്‍ മുകളിലേക്കു കയറി വന്ന് മര്‍ദിച്ചു. ഇവരെ സിസിടിവി ദൃശ്യങ്ങളില്‍ കാണാന്‍ സാധിക്കില്ല. നേതാവ് കളിക്കണ്ട, പൊലീസിനെ എതിര്‍ത്തു സംസാരിക്കാനായിട്ടില്ല, രാഷ്ട്രീയ പ്രവര്‍ത്തനം, ശാന്തിപ്പണി എല്ലാം അവസാനിപ്പിച്ചു തരും, പണിയെടുത്തു ജീവിക്കാന്‍ അനുവദിക്കില്ല എന്നിങ്ങനെയെല്ലാം പറഞ്ഞായിരുന്നു മര്‍ദിച്ചത്.

∙ ഏതെങ്കിലും ഉദ്യോഗസ്ഥർക്ക് മുൻവൈരാഗ്യം എന്തെങ്കിലും ഉണ്ടായിരുന്നോ?      

അങ്ങനെ ഒന്നുമില്ല, നീ ആരാണ് ഇടപെടാൻ എന്നു ചോദിച്ച് ഷർട്ടിന്റെ കോളറിൽ പിടിച്ചാണ് ജീപ്പിൽ കയറ്റിയത്. എസ്ഐയുടെ നിർദേശപ്രകാരമാണ് പൊലീസുകാർ മർദിച്ചത്. കാര്യങ്ങൾ വിശദീകരിക്കാൻ ശ്രമിച്ചെങ്കിലും പറയുന്നത് കേൾക്കാൻ പൊലീസ് തയാറായില്ല. പാർട്ടി പ്രവർത്തകൻ ആയതുകൊണ്ടാകാം. ചുമരിനോടു ചേർത്തിരുത്തി കാൽ നീട്ടിവയ്പ്പിച്ചാണു കാലിനടിയിൽ ലാത്തികൊണ്ട് തല്ലിയത്. തല്ലിയതിനു ശേഷം നിവർന്നുനിന്ന് ചാടാൻ പറഞ്ഞു. ഇങ്ങനെ 15 തവണയെങ്കിലും ചെയ്യിപ്പിച്ചു. വെള്ളം കുടിക്കാൻ ചോദിച്ചെങ്കിലും തന്നില്ല. മജിസ്‌ട്രേറ്റിനു മുന്നിലാണ് പൊലീസ് മർദനത്തെകുറിച്ചു തുറന്നുപറയാനായത്. അപ്പോഴേക്കും ശരീരം മോശം അവസ്ഥയിലായിരുന്നു.