കൃത്യമായ സാമ്പത്തിക അച്ചടക്കവും ആരോഗ്യ ശീലങ്ങളും കൊണ്ട് തുച്ഛമായ ശമ്പളം മാത്രമുണ്ടായിട്ടും റിട്ടയർമെന്‍റ് കാലത്ത് ഒരു കോടി രൂപ മിച്ചം പിടിക്കാന്‍ കഴിഞ്ഞതെങ്ങനെയെന്ന് വിശദമാക്കുന്ന കുറിപ്പ് വൈറൽ.
53 വയസ്സുള്ള ഒരു ബെംഗളൂരുകാരന്‍റെ സാമ്പത്തിക അച്ചടക്കത്തിന്‍റെ കഥ സമൂഹ മാധ്യമങ്ങളില്‍ വൈറൽ. പത്താം ക്ലാസ് വരെ മാത്രം പഠിച്ച് വെറും 4,200 രൂപ ശമ്പളത്തിൽ ജോലി ആരംഭിച്ച്, വായ്പകളോ ക്രെഡിറ്റ് കാർഡുകളോ ആഡംബര ജീവിതശൈലിയോ ഇല്ലാതെ തന്നെ 25 വർഷത്തിനുള്ളിൽ തനിക്ക് ഒരു കോടി രൂപ ഏങ്ങനെ മിച്ചം പിടിക്കാന്‍ സാധിച്ചെന്ന അദ്ദേഹത്തിന്‍റെ റെഡ്ഡിറ്റ് കുറിപ്പ് വൈറൽ. അദ്ദേഹത്തിന്‍റെ ലളിത ജീവിതവും സാമ്പത്തിക ജ്ഞാനവും ജീവിത തത്വശാസ്ത്രവും സമൂഹ മാധ്യമ ഉപയോക്താക്കളെ ഏറെ ആകര്‍ഷിച്ചു.
‘ഒരു പ്രധാന നാഴികക്കല്ല് പിന്നിട്ടു. എനിക്ക് 25 വർഷം എടുത്ത് ഒരു കോടി.’ എന്ന തലക്കെട്ടിൽ പങ്കുവച്ച റെഡ്ഡിറ്റ് കുറിപ്പാണ് വൈറലായത്. 2000-ൽ ബെംഗളൂരുവിൽ തന്‍റെ കരിയർ ആരംഭിച്ചത് വെറും 5,000 രൂപയ്ക്കായിരുന്നു. അതില്‍ തന്നെ ആദ്യ ശമ്പളം വെറും 4,200 രൂപ. പിന്നാലെ 25 വർഷത്തെ സ്ഥിരമായ പരിശ്രമത്തിനും സമർത്ഥമായ സമ്പാദ്യം ഒടുവില്‍ തനിക്ക് ബാങ്ക് നിക്ഷേപമായി 1.01 കോടി രൂപയും ഇക്വിറ്റിയിൽ 65,000 രൂപയും സമ്പാദിക്കാനായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ താന്‍ ഒരിക്കലും പണം കടം വാങ്ങുകയോ ക്രെഡിറ്റ് കാർഡ് സ്വന്തമാക്കുകയോ ചെയ്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.