ഓണത്തെ വരവേറ്റ് യു.എ.ഇ; സൂപ്പർമാർക്കറ്റുകളിൽ ഓണച്ചന്തകൾ സജീവം

0
10

നാട്ടിലായാലും വിദേശത്തായാലും ഓണം മലയാളിക്ക് ആഘോഷമാണ്. ഇക്കുറി നബിദിനവും വാരാന്ത്യ അവധികളും ഒരേദിവസം  വന്നതോടെ യു.എ.ഇയിലെ പ്രവാസി മലയാളികൾ തിരുവോണത്തെ ഇരട്ടി ആവേശത്തോടെയാണ് വരവേൽക്കുന്നത്. സൂപ്പർമാർക്കറ്റുകളിൽ ഓണച്ചന്തകൾ സജീവമായതോ‌ടെ ഓണത്തിരക്കിലാണ് പ്രവാസി സമൂഹം. 

പഴം,പച്ചക്കറി  ,ശർക്കര ,ഉപ്പേരി ,ഓണപലഹാരങ്ങൾ എന്നിങ്ങനെ ഓണം കെങ്കേമമാക്കാനുള്ളതെല്ലാം ദുബായിയില്‍ ഒരുങ്ങിക്കഴിഞ്ഞു. ഇന്ത്യയിൽ നിന്ന് 2500 ടൺ പഴം പച്ചക്കറികളാണ് ഓണവിപണിക്കായി  ജി സി സി യിലെ വിവിധ ലുലു സ്റ്റോറുകളിൽ എത്തിച്ചിരിക്കുന്നത്.  തിരക്ക് ഒഴിവാക്കാൻ  സദ്യയും 30 തരം പായസങ്ങളും ഓൺലൈനിലൂടെയും നേരിട്ടും മുൻകൂട്ടി ബുക്ക് ചെയ്യാം.

സദ്യയൊരുക്കാന്‍ സാധിക്കാത്തവര്‍ക്ക് വിമാനമാർഗം പാക്കറ്റുകളിലെത്തിച്ച സദ്യവട്ടങ്ങളും റെഡി. ഓണത്തോടനുബന്ധിച്ചു കേരളത്തിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നുമെത്തിയ പൂക്കളുടെ കച്ചവടവും പൊടിപൊടിക്കുകയാണ്.യു എ യിലെ വിവിധ സംഘടനകൾ ഒരുക്കുന്ന ഓണാഘോഷങ്ങളുടെ പൂക്കാലമാണ് ഇനിയുള്ള രണ്ടുമാസക്കാലം.