അടുത്ത ആഴ്ച മുതൽ കൂടുതൽ ശക്തമായ ആക്രമണം: ഇറാന് മുന്നറിയിപ്പുമായി ട്രംപ്

ഇറാനുമായുള്ള യുദ്ധം മൂന്നാം ആഴ്ചയിലേക്ക് കടക്കുമ്പോൾ, ഇറാനിൽ യുഎസ് സൈന്യം ശക്തമായ ആക്രമണം നടത്തുമെന്ന മുന്നറിയിപ്പുമായി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നതിന് രാജ്യങ്ങൾക്ക് 30 ദിവസത്തെ ഭാഗിക ഇളവ് പുറപ്പെടുവിച്ചതിന് തൊട്ടുപിന്നാലെയാണ് ട്രംപിൻ്റെ പരാമർശം.

ഇറാൻ്റെ നേതാക്കളുടെ മരണത്തിന് ഉത്തരവാദിയാകുന്നത് ഒരു വലിയ ബഹുമതിയാണെന്നും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ ട്രംപ് വ്യക്തമാക്കിയിരുന്നു. അതേസമയം, പിതാവിൻ്റെ പിൻഗാമിയായി സ്ഥാനമേറ്റതിനുശേഷം ഇറാൻ്റെ പരമോന്നത നേതാവ് മുജ്തബ ഖമനേയി വ്യാഴാഴ്ച തൻ്റെ ആദ്യ പൊതു പ്രസ്താവനയിൽ ആക്രമണങ്ങൾ തുടരുമെന്നും കടലിടുക്ക് അടച്ചിടുമെന്നും പ്രസ്താവന ഇറക്കിയിരുന്നു.

ഫെബ്രുവരി 28 ന് യുദ്ധം ആരംഭിച്ചതിനുശേഷം യുഎസും ഇസ്രയേലും 15,000 ത്തിലധികം ലക്ഷ്യങ്ങൾ ആക്രമിച്ചതായി പീറ്റ് ഹെഗ്സെത് അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം പടിഞ്ഞാറൻ, മധ്യ ഇറാനിലെ മിസൈൽ ലോഞ്ചറുകളും പ്രതിരോധ സംവിധാനങ്ങളും ഉൾപ്പെടെ 200 ലധികം ലക്ഷ്യങ്ങൾ ആക്രമിച്ചതായി ഇസ്രയേൽ സൈന്യവും വ്യക്തമാക്കിയിരുന്നു.