ബംഗളൂരുവില്‍ ലിവ് ഇന്‍ പാര്‍ട്ണറുടെ കാര്‍ ചേസ് ചെയ്ത് പിടികൂടി തീകൊളുത്തി കൊലപ്പെടുത്തി. 35കാരിയായ വനജാക്ഷിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. പ്രതി വിതള്‍ ആണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. ഗുരുതരമായി പൊള്ളലേറ്റ വനജാക്ഷി ആശുപത്രിയില്‍വച്ചാണ് മരിച്ചത്. നാലുവര്‍ഷത്തോളമായി ഇരുവരും ഒന്നിച്ചായിരുന്നു താമസം.
മൂന്നുതവണ വിവാഹിതനായ വിതള്‍ ടാക്സി ഡ്രൈവറാണ്. വനജാക്ഷിയും ഇതിനു മുന്‍പ് രണ്ടു കല്യാണം കഴിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കടുത്ത മദ്യപാനശീലമുള്ള വിതളുമായി നേരത്തേ വനജാക്ഷിക്ക് അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നു. മദ്യപിച്ചുവന്ന് ഉപദ്രവിക്കുന്ന സ്വഭാവം കാരണം ഈ അടുത്തിടെ വനജാക്ഷി താമസം മാറിയിരുന്നു. ഇതിനു പിന്നാലെ കർണാടക രക്ഷാ വേദികയിലെ അംഗമായ മരിയപ്പ എന്ന മറ്റൊരാളുമായി ബന്ധം സ്ഥാപിച്ചതായും സൂചനയുണ്ട്.
മരിയപ്പയോടും ഡ്രൈവറോടുമൊപ്പം ക്ഷേത്രത്തിൽ നിന്ന് മടങ്ങിവരുകയായിരുന്ന വനജക്ഷിയുടെ കാർ വിതൾ പിന്തുടർന്നാണ് കുറ്റകൃത്യം നടത്തിയത്. ട്രാഫിക് സിഗ്നലിൽ വെച്ച് അയാൾ വാഹനം തടഞ്ഞു നിർത്തി കാറിനകത്തേക്ക് പെട്രോൾ ഒഴിച്ചു. വനജാക്ഷിയുടേയും മരിയപ്പയുടേയും ഡ്രൈവറുടേയും ദേഹത്തേക്ക് പെട്രോളൊഴിച്ചു. മറ്റുള്ളവർ ഇറങ്ങിയോടി രക്ഷപ്പെട്ടെങ്കിലും, വിതൾ വനജക്ഷിയെ പിന്തുടർന്ന് ലൈറ്റർ ഉപയോഗിച്ച് തീകൊളുത്തുകയായിരുന്നു.
ആ വഴിവന്നയാളാണ് വനജാക്ഷിയുടെ ദേഹത്തേക്ക് തുണിയിട്ട് തീയണച്ചത്. ഉടന്‍ തന്നെ വനജാക്ഷിയെ ഒരു സ്വകാര്യ ആശുപത്രിയിലേക്കെത്തിക്കുകയും ചെയ്തു. ഏകദേശം 60 ശതമാനത്തിലേറെ പൊള്ളലേറ്റ വനജാക്ഷി ആശുപത്രിയിൽ വെച്ച് മരിച്ചു.