ബിഹാർ സ്വദേശി സൗദിയിൽ വാഹനപകടത്തിൽ മരിച്ചു. ബിഷയ്ക്ക് സമീപം തിനിയയിൽ വെച്ചാണ് അപകടമുണ്ടായത്. ചാമ്പറാൻ സ്വദേശി മുഹമ്മദ് അഫ്‌സൽ (53) ആണ് ദാരുണമായി മരിച്ചത്. ട്രക്കിൻ്റെ ക്യാബിൻ തുറന്ന് വെച്ച് അറ്റകുറ്റപ്പണി ചെയ്യുന്നതിനിടെ ക്യാബിൻ സ്റ്റാൻഡ് പൊട്ടി ദേഹത്തേക്ക് പതിക്കുകയായിരുന്നു. ശരീരം ക്യാബിനുള്ളിൽ കുടുങ്ങിയാണ് മരണം സംഭവിച്ചത്.
കൂടെ താമസിക്കുന്ന പാകിസ്ഥാൻ പൗരൻ ഫോണിൽ വിളിച്ചിട്ട് കിട്ടാതെ വന്നതിനെ തുടർന്ന് ജോലി സ്ഥലത്ത് അന്വേഷിച്ചെത്തിയപ്പോഴാണ് ട്രക്കിന്റെ കാബിനുള്ളിൽ കുടുങ്ങിയ നിലയിൽ അഫ്സലിനെ കണ്ടെത്തിയത്. തുടർന്ന് പോലീസിനെയും ആംബുലൻസിനെയും വിവരം അറിയിക്കുകയായിരുന്നു.
പോലീസും ആംബുലൻസും സ്ഥലത്തെത്തി മൃതദേഹം തബാല ഹോസ്‌പിറ്റലിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം നിയമപരമായ നടപടികൾ പൂർത്തിയാക്കി മൃതദേഹം ബിഷയിൽ ഖബറടക്കും.