ദുരഭിമാനക്കൊല; കലബുറഗിയില്‍ ഇതര ജാതിക്കാരനായ യുവാവിനെ പ്രണയിച്ച യുവതിയെ പിതാവ് കൊന്നു കത്തിച്ചു

0
13

ബംഗളൂരു: ഇതരജാതിക്കാരനായ യുവാവിനെ പ്രണയിച്ച മകളെ പിതാവ് കൊലപ്പെടുത്തി മൃതദേഹം കത്തിച്ചു. കലബുറഗി ജില്ലയിലെ ഫർഹതാബാദ് പൊലീസ് സ്റ്റേഷൻ പരിധിയിൽ മേലകുണ്ട ഗ്രാമത്തിലാണ് സംഭവം. പതിനെട്ടുകാരി കവിതയാണ് കൊല്ലപ്പെട്ടത്.

സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ പിതാവ് ശങ്കർ കൊൽക്കൂർ എന്നയാളെ അറസ്റ്റ് ചെയ്തു. കുറ്റകൃത്യത്തിൽ ഇയാളെ സഹായിച്ച മറ്റ് രണ്ട് പ്രതികളായ ശരണു, ദത്തപ്പ എന്നിവരെ പൊലീസ് തിരയുകയാണ്.

ലിംഗായത്ത് സമുദായത്തിൽ നിന്നുള്ള കവിത, രണ്ടാം വർഷ പ്രീ-യൂണിവേഴ്സിറ്റി വിദ്യാർത്ഥിനിയായിരുന്നു. അതേ ഗ്രാമത്തിലെ കുറുബ സമുദായത്തിൽപ്പെട്ട മാലപ്പ പൂജാരി എന്ന യുവാവുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നു.

സംഭവം അറിഞ്ഞ വീട്ടുകാര്‍ കവിതയുടെ കോളജ് പഠനം മുടക്കി. എന്നാല്‍ ബന്ധത്തില്‍ നിന്നും പിന്തിരിയാന്‍ കൂട്ടാക്കിയില്ല. പിന്നാലെയാണ് കൊലപാതകം നടന്നത്. പിതാവ് ശങ്കറും രണ്ട് ബന്ധുക്കളും ചേർന്നാണ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. തുടർന്ന്, മൃതദേഹം ഒരു ബന്ധുവിന്റെ കൃഷിയിടത്തിലേക്ക് കൊണ്ടുപോയി കത്തിക്കുകയായിരുന്നു.

കീടനാശിനി കഴിച്ച് മരിച്ചുവെന്ന് വരുത്തിത്തീർക്കാനാണ് പ്രതികള്‍ ആദ്യം ശ്രമിച്ചത്. പിന്നാലെ കൊലപാതക വിവരം പുറത്തറിയുകയായിരുന്നു. പിന്നാലെയാണ് പൊലീസ് സ്ഥലത്തെത്തി പിതാവിനെ അറസ്റ്റ് ചെയ്യുന്നത്. പൊലീസ് സ്വമേധയാ കേസെടുത്തു. കലബുറഗി പൊലീസ് കമ്മീഷണർ ഡി.എസ്. ശരണപ്പയും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു. ദുരഭിമാനക്കൊലയാണെന്നാണ് വിവരം. സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ട്.