ഹിമാചൽ പ്രദേശിലെ മിന്നൽ പ്രളയം, കുടുങ്ങിക്കിടക്കുന്നവരിൽ മലയാളികളുടെ സംഘവും

0
31

ഷിംല: ഹിമാചൽ പ്രദേശിലെ മിന്നൽ പ്രളയത്തിൽ കുടുങ്ങിക്കിടക്കുന്നവരിൽ മലയാളികളും. 25 പേരടങ്ങുന്ന സംഘമാണ് കൽപ്പ പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നത്. സ്‌പിറ്റിയിൽ നിന്ന് കൽപ്പയിലേക്ക് എത്തിയ സംഘമാണ് ഷിംലയിൽ എത്താനാകാതെ രണ്ട് ദിവസമായി ഇവിടെ കുടുങ്ങിക്കിടക്കുന്നത്. കനത്ത മഴയും മണ്ണിടിച്ചിലും മൂലം റോഡ് മാർ​ഗം യാത്ര സാധ്യമല്ല. കൂടാതെ സംഘത്തിലുള്ള ചിലർക്ക് ആരോ​ഗ്യപ്രശ്നങ്ങളും ഉണ്ട്.

കൽപ്പയിൽ കുടുങ്ങിക്കിടക്കുന്ന 25 അം​ഗ സംഘത്തിൽ 18 പേരും മലയാളികളാണ്. ഇതിൽ മൂന്ന് പേർ കൊച്ചിയിൽ നിന്നുള്ളവരാണ്. ആ​ഗസ്റ്റ് 25നാണ് ഇവർ ദില്ലിയിൽ നിന്നും യാത്ര തിരിച്ചത്. ഭക്ഷണവും വെള്ളവും അടക്കം അവശ്യസാധനങ്ങളുടെ ലഭ്യത കുറവാണെന്നും തങ്ങളെ ഷിംലയിൽ എത്തിക്കാൻ അടിയന്തര ഇടപെടൽ വേണമെന്നും മലയാളികൾ ആവശ്യപ്പെട്ടു. നിലവിൽ സുരക്ഷിതരാണെന്നും അധികൃതരുമായി ബന്ധപ്പെടാൻ സാധിച്ചിട്ടുണ്ടെന്നും കുടുങ്ങിക്കിടക്കുന്ന മലയാളികളിൽ ഒരാളായ കൊച്ചി സ്വദേശി ജിസാൻ സാവോ പറഞ്ഞു.

മൺസൂൺ ശക്തിപ്രാപിച്ചതിന് പിന്നാലെ ഹിമാചൽ പ്രദേശിൽ കനത്ത മഴയും മണ്ണിടിച്ചിലുമാണ്. നിരവധി കടകളും കൃഷിയിടങ്ങളും നശിച്ചതായാണ് റിപ്പോര്‍ട്ട്. തുടർച്ചയായ മേഘവിസ്ഫോടനങ്ങളും വെള്ളപ്പൊക്കവും കാരണം വലിയ പ്രതിസന്ധിയാണ് ഹിമാചൽ പ്രദേശ്.