മലപ്പുറം: കെട്ടിടാനുമതി നൽകിയില്ലെന്ന് ആരോപിച്ച് തുവ്വൂർ പഞ്ചായത്ത് ഓഫിസിനു തീവയ്‌ക്കാൻ ശ്രമം. ഓഫിസിൽ പെട്രോൾ ഒഴിച്ച് ജീവനക്കാർക്കു നേരെ കത്തി വീശിയ പ്രവാസിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കരുവാരകുണ്ട് തരിശ് വെമ്മുള്ളി മജീദിനെ ആണ് പൊലീസ് പിടികൂടിയത്.
കെട്ടിട നിർമാണം ക്രമവൽക്കരിച്ച് നമ്പർ നൽകാത്തതിനായിരുന്നു പരാക്രമം. തീയിടുന്നതിനു മുൻപ്, പഞ്ചായത്തിൽ എത്തിയവരും ജീവനക്കാരും ഇയാളെ കീഴ്‌പ്പെടുത്തി പൊലീസിൽ എൽപ്പിച്ചു. പഞ്ചായത്ത് അധികൃതർ കേസ് നൽകിയിട്ടില്ല. ജീവനക്കാർക്ക് സംരക്ഷണം നൽകണമെന്നു പഞ്ചായത്ത് അധികൃതർ പൊലീസിനോട് ആവശ്യപ്പെട്ടു.
കെട്ടിട അനുമതി ലഭിക്കാത്തതിനാൽ ബുദ്ധിമുട്ടിലാണെന്നും, കാഴ്ച പരിമിതിയുള്ള മകന്റെ ചികിത്സയ്ക്കുപോലും പണമില്ലാത്ത സ്ഥിതിയാണെന്നും മജീദ് പറയുന്നു. 2024 ഫെബ്രുവരിയിലാണ് കെട്ടിടത്തിന്റെ ക്രമവൽക്കരണത്തിന് അപേക്ഷ നൽകിയത്. അപേക്ഷയിലെ അപാകത പരിഹരിക്കുന്നതിനു മജീദിനു നോട്ടിസ് നൽകിയിരുന്നതായി പഞ്ചായത്ത് അധികൃതർ പറയുന്നു.
…..