മകളുടെ കാമുകന്‍ ബലാല്‍സംഗക്കേസ് പ്രതി; വിളിച്ചു വരുത്തി തല്ലിക്കൊന്ന് അച്ഛന്‍

0
13

വിവാഹക്കാര്യം സംസാരിക്കാനെന്ന വ്യാജേനെ യുവാവിനെ വിളിച്ചു വരുത്തി അടിച്ചു കൊന്നു. മഹാരാഷ്ട്രയിലെ പിംപ്രി ചിച്ച്​വാഡിലാണ് സംഭവം. ജൂലൈ 22നാണ് രാമേശ്വര്‍ ഘെന്‍ഗട്ട് കൊല്ലപ്പെട്ടത്. രാമേശ്വറിന്‍റെ കാമുകിയുടെ പിതാവടക്കം ഒന്‍പതുപേരാണ് കേസില്‍ പ്രതികള്‍. ഇവരില്‍ ഒളിവിലുള്ള രണ്ടുപേരൊഴികെ എല്ലാവരെയും പൊലീസ് പിടികൂടി. 

കൊല്ലപ്പെട്ട രാമേശ്വറിനെതിരെ ബലാല്‍സംഗ പരാതികളും പോക്സോ കേസുകളും ഉണ്ടായിരുന്നു. ക്രിമിനല്‍ പശ്ചാത്തലം അറിഞ്ഞതോടെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പ്രണയബന്ധം വിലക്കി. എന്നാല്‍ പിന്‍മാറാന്‍ ഇരുവരും തയാറായില്ല. പെണ്‍കുട്ടിയുടെ അകന്ന ബന്ധുവാണ് രാമേശ്വര്‍. ബലാല്‍സംഗക്കേസ് പ്രതിക്കൊപ്പം മകള്‍ ജീവിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞാണ് പെണ്‍കുട്ടിയുടെ അച്ഛനായ പ്രശാന്ത് കൊലപാതകം ആസൂത്രണം ചെയ്തത്. 

രാമേശ്വറിനെ അല്ലാതെ മറ്റാരെയും വിവാഹം കഴിക്കില്ലെന്ന് പെണ്‍കുട്ടിയും ഉറച്ച നിലപാടെടുത്തതോടെ എന്നാല്‍ വിവാഹം നടത്താമെന്നും വിവാഹക്കാര്യം സംസാരിക്കുന്നതിനായി വീട്ടിലേക്ക് വരാനും രാമേശ്വറിനോട് പെണ്‍കുട്ടിയുടെ പിതാവ് ആവശ്യപ്പെട്ടു. ഇതനുസരിച്ച് തന്‍റെ മാതാപിതാക്കളെയും കൂട്ടി യുവാവ് പെണ്‍കുട്ടിയുടെ വീട്ടിലെത്തി. വിവാഹക്കാര്യം സംസാരിച്ച് തുടങ്ങിയതോടെ തര്‍ക്കമായി. പിന്നാലെ രാമേശ്വറിനെ പെണ്‍കുട്ടിയുടെ പിതാവും ബന്ധുക്കളും ചേര്‍ന്ന് ഒരു മുറിയിലേക്ക് കയറ്റി. തുടര്‍ന്ന് അടിച്ചവശനാക്കി. 

വാതില്‍ പൊളിച്ച് രാമേശ്വറിന്‍റെ മാതാപിതാക്കള്‍ അകത്തു കടന്നാണ് മകനെ ബലമായി മോചിപ്പിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. മര്‍ദനത്തില്‍ ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേറ്റതിനെ തുടര്‍ന്ന് ചികില്‍സയിലിരിക്കെ യുവാവ് മരിച്ചു. രാമേശ്വറിന്‍റെ പിതാവ് നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്ത് നടപടികള്‍ സ്വീകരിച്ചത്.