ഡെഹ്റാഡൂൺ: ഉത്തരാഖണ്ഡിൽ ദുരിതപെയ്ത്ത് തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 369 ശതമാനം അധികം മഴയാണ് പെയ്തത്. കനത്ത മഴയിലും മേഘവിസ്ഫോടനത്തിലും ഇന്നലെ ആറ് പേർ മരിച്ചു. 11 ഓളം പേരെ കാണാതായി. നിരവധി വീടുകൾ തകർന്നു. രക്ഷാപ്രവർത്തനം തുടരുകയാണ്.
ബാഗേശ്വറിൽ നാല് എംഎം മഴ ലഭിക്കേണ്ടയിടത്ത് 84 എംഎം മഴയാണ് ലഭിച്ചത്. അതായത് 2000 ശതമാനം അധികമഴയാണ് ഇവിടെ ലഭിച്ചത്. സംസ്ഥാനത്ത് കനത്ത മഴ തുടരാൻ സാധ്യതയുണ്ടെന്നും നിരവധി നദികൾ അപകടനില കടന്നിട്ടുണ്ടെന്നും കൂടുതൽ കരകവിഞ്ഞൊഴുകുമെന്നും കേന്ദ്ര ജല കമ്മീഷൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കാപ്കോട്ട് തെഹ്‌സിലിൽ കനത്ത മഴയിൽ അഞ്ചോ ആറോ വീടുകൾ തകർന്നിട്ടുണ്ട്. ഇതേ തുടർന്ന് ബസന്തി ദേവി, ബച്ചുലി ദേവി എന്ന് പേരായ രണ്ട് സ്ത്രീകൾ മരിച്ചിട്ടുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ഒരാൾക്ക് പരിക്കേറ്റു. രമേശ് ചന്ദ്ര ജോഷി, മകൻ ഗിരീഷ്, പുരാൻ ജോഷി എന്നീ മൂന്ന് പേരെ കാണാതായി.
വെള്ളിയാഴ്ച പുലർച്ചെയാണ് മേഘവിസ്ഫോടനമുണ്ടായത്. 30 മുതൽ 40 വരെ കുടുംബങ്ങൾ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിയതായി അധികൃതർ സംശയിക്കുന്നുണ്ട്. വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ചമോലി, രുദ്രപ്രയാഗ്, തെഹ്‍രി, ബാഗേശ്വർ ജില്ലകളിലാണ് മഴക്കെടുതി രൂക്ഷമായത്.